സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം

തിരുവനന്തപുരം : നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ട്.
ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.