വയനാട് ഉരുൾദുരന്തം: 3.85 കോടിയുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളും
ബാങ്കിന്റെ ചൂരൽമല, മേപ്പാടി ശാഖകളിലെ വായ്പ എഴുതിത്തള്ളാൻ കഴിഞ്ഞവർഷം ആഗസ്‌തിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.
 
                                    തിരുവനന്തപുരം: വയനാട് ചൂരൽമല, മേപ്പാടി എന്നിവടങ്ങളിലെ ഉരുൾപ്പെട്ടൽ ബാധിതരുടെ 3.85 കോടി രൂപയുടെ വായ്‌പകൾ കേരള ബാങ്ക് എഴുതിത്തള്ളും. 207 വായ്‌പകളാണ് എഴുതിത്തള്ളുക. ബാങ്കിന്റെ ചൂരൽമല, മേപ്പാടി ശാഖകളിലെ വായ്പ എഴുതിത്തള്ളാൻ കഴിഞ്ഞവർഷം ആഗസ്‌തിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.ആദ്യപടിയായി ഒമ്പത് വായ്പകളിൽ 6.36 ലക്ഷം രൂപ എഴുതിത്തള്ളി. തുടർന്ന് സമഗ്രമായ വിവരങ്ങൾ റവന്യൂ വകുപ്പിൽനിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി വായ്പകളും എഴുതിത്തള്ളാൻ തീരുമാനിച്ചത്. മേപ്പാടി പഞ്ചായത്തിന്റെ കീഴിലുള്ള ചൂരൽമല ഉൾപ്പെടെ പ്രദേശങ്ങളിലെ അയൽക്കൂട്ട അംഗങ്ങൾക്കായി രണ്ടുലക്ഷം രൂപ വരെയുള്ള പുതിയ കൺസ്യൂമർ/ പഴ്സണൽ വായ്പാ പദ്ധതി നടപ്പാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നൽകുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് പദ്ധതി പ്രകാരം വായ്പകൾ നൽകുക
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            