മാലിന്യ സംസ്‌കരണം മികച്ച രീതിയിൽ പുരോഗമിക്കുന്നു: മുഖ്യമന്ത്രി
Waste management is progressing well: Chief Minister
വയനാട് :ദുരന്തമേഖലയിൽ മികച്ച രീതിയിൽ മാലിന്യ സംസ്കരണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 110 ഓളം ഹരിത കർമ്മ സേനാംഗങ്ങൾ സേവനം നൽകുന്നു. ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 112 മാലിന്യ ശേഖരണ ബിന്നുകൾ സ്ഥാപിക്കുകയും ദുരന്ത മേഖലയിലും ക്യാമ്പുകളിലുമായി 46 ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചു. കല്പറ്റ നഗരസഭയിലെ 10 കെ.എൽ.ഡി കപ്പാസിറ്റിയുള്ള കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉപയോഗിക്കപ്പെടുന്നു. അജൈവ മാലിന്യം ശേഖരിക്കുന്നതിനായി 4 മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്.
ജൈവ മാലിന്യ സംസ്‌കരണത്തിനായി കല്പറ്റ നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റ് സംവിധാനവും അജൈവ മാലിന്യ പരിപാലനത്തിനായി എം.സി.എഫ് സംവിധാനവും ഉപയോഗപ്പെടുത്തുന്നു. ക്യാമ്പുകളിലെ ഖരദ്രവ മാലിന്യ സംസ്‌കരണത്തിനായി പുതിയ കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും നിർമ്മിച്ചിട്ടുണ്ട്. 44.02 ടൺ അജൈവ മാലിന്യവും, 9.9 ടൺ ജൈവ മാലിന്യവും, 0.28 ടൺ സാനിറ്ററി മാലിന്യവും, 2.6 ടൺ ബയോ മെഡിക്കൽ മാലിന്യവും, 101.3 കിലോ ലിറ്റർ ശൗചാലയ മാലിന്യവും 11.19 ടൺ തുണിമാലിന്യവും ഇതിനോടകം ശാസ്ത്രീയമായി സംസ്‌കരിച്ചിട്ടുണ്ട്.
നിലവിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി സാധനങ്ങൾ ശേഖരിച്ച് അയക്കേണ്ടതില്ല. ആവശ്യത്തിൽ കൂടുതലാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പച്ചക്കറി, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ പെട്ടെന്ന് നശിച്ചു പോകുന്നതുകൊണ്ട് ഇവയുടെ സൂക്ഷിപ്പും വിതരണവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദുരിതാശ്വാസത്തിന്റെ ഭാഗമായി വയനാട്ടിലെ കളക്ഷൻ സെൻററിൽ എത്തിയ ഏഴു ടൺ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. അതു മുഴുവനും സംസ്‌കരിക്കാനായി അയക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. നിലവിൽ ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനിവേണ്ടത്. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുകയോ കളക്ടറേറ്റുകളിൽ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ നൽകാൻ കൂടുതൽ ആളുകൾ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.