വാഹന ഉടമകൾ CBUD ആപിൽ എൻട്രോൾ ചെയ്യണം
ഖനന പ്രവർത്തനങ്ങൾ പലപ്പോഴും ഭൂഗർഭ യൂട്ടിലിറ്റി ആസ്തികൾക്ക് നാശമുണ്ടാക്കുകയും ഏജൻസികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾസ് ഡിപാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വാഹന ഉടമകളും കോൾ ബിഫോർ യു ഡിഗ് (CBuD)എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എൻട്രോൾ ചെയ്ണമെന്ന് തിരുവനന്തപുരം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ഖനന പ്രവർത്തനങ്ങൾ പലപ്പോഴും ഭൂഗർഭ യൂട്ടിലിറ്റി ആസ്തികൾക്ക് നാശമുണ്ടാക്കുകയും ഏജൻസികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഉത്ഖനന ഏജൻസികളും അസറ്റ് ഉടമ ഏജൻസികളും തമ്മിലുള്ള ഏകോപനം സുഗമമാക്കുന്നതിനാണ് CBuD ആപ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി ) റൂൾസ് 2022 അനുസരിച്ച് എല്ലാ ഉത്ഖനന പ്രവർത്തനങ്ങൾക്കും ആപ് നിർബന്ധമാണ്. പൊതു റോഡുകളിലോ സ്ഥലങ്ങളിലോ കുഴിയെടുക്കൽ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് വാഹന ഉടമകൾ CBuD ആപ്പിൽ ആ വിവരം രേഖപ്പെടുത്തണം. നിർദ്ദേശം പാലിക്കാതിരുന്നാൽ ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി ) റൂൾസ് 2022 ലെ വ്യവസ്ഥകൾ പ്രകാരം പിഴ ഈടാക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.