ഐ ടി ഐ മേഖലയിൽ വ്യാപകമാറ്റം കൊണ്ടുവരും: മന്ത്രി വി ശിവൻകുട്ടി
ചെങ്ങന്നൂർ ഗവഃ ഐ ടി ഐ അതിന്റെ വജ്ര ജൂബിലി നിറവിൽ
ഐ ടി ഐ മേഖലയിൽ വ്യാപകമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസം,തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചെങ്ങന്നൂർ ഗവ. ഐ. ടി. ഐയിലെ പുതിയ കെട്ടിട സമുച്ചയം, ഹോസ്റ്റൽ, തൊഴിൽ മേള എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വേണ്ടത്ര പഠന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഐ ടി ഐകളെ അതത് പ്രദേശങ്ങളുടെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് പുതിയ സൗകര്യങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ ഗവഃ ഐ ടി ഐ അതിന്റെ വജ്ര ജൂബിലി നിറവിൽ എത്തി നിൽക്കുകയാണ്. നിലവിൽ വിവിധ തൊഴിൽ മേഖലകളിലെ 23 ട്രേഡുകളിലായി 1500ൽ പരം പരിശീലനാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്. ആരംഭ കാലം മുതൽ നാളിതുവരെ സ്ഥാപനത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ പരിശീലനാർത്ഥികൾ സ്വദേശത്തും വിദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ കണ്ടെത്തിയതു വഴി സ്ഥാപനത്തിന്റെ യശ്ശസ്സുയർത്തുകയും നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ മാറ്റമുണ്ടാക്കുന്നതിനു നിസ്തുലമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ പ്‌ളേസ്മെന്റ് സെൽ വഴി നിരവധി പേർക്ക് സ്വദേശത്തും വിദേശത്തും തൊഴിൽ കണ്ടെത്താൻ സാധിക്കുന്നുണ്ട്. വിദേശ കമ്പനികളും ഇന്ത്യയിലെ പ്രമുഖ കമ്പനികളും അടക്കം നിരവധി കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തുന്ന തൊഴിൽമേള എല്ലാവർഷവും സ്ഥാപനത്തിൽ വച്ച് നടത്തുകയും ധാരാളം പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്.
സ്ഥാപനത്തിന്റെ സർവതോന്മുഖമായ വികസനം വഴി ഐ ടി ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്
71.2 കോടി രൂപ ചെലവിൽ കിഫ്ബി മുഖേന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 20 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ
പൂർത്തിയായിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിൽ 72345 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായി അത്യന്താധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന 30 - സ്മാർട്ട് ക്ലാസ്‌റൂമുകൾ, 5-വർക്ഷോപ്പുകൾ , ഡ്രോയിങ് ഹാൾ, ലൈബ്രറി, 200 സീറ്റുകളുള്ള സെമിനാർ ഹാൾ, മിനി കോൺഫറൻസ് ഹാൾ, സ്റ്റോർ റൂം , 1.5ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് , പാർക്കിംഗ് ഏരിയ , സബ്സ്റ്റേഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം 12915 ചതുരശ്രയടി വിസ്തീർണത്തിൽ നാല് നിലകളിലായി 68 പരിശീലനാർത്ഥികൾക്കുള്ള താമസ സൗകര്യം, കിച്ചൻ , ഡൈനിങ്ങ് ഹാൾ എന്നിവ ഉൾകൊള്ളുന്ന ഹോസ്റ്റൽ സമുച്ചയവും സജ്ജമായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ത്രീഡി പ്രിൻറിംഗ്, സോളാർ ടെക്നിഷ്യൻ കോഴ്‌സുകൾ അടുത്തവർഷം ചെങ്ങന്നൂർ ഐടിഐ ആരംഭിക്കും. വികസന പ്രവർത്തനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്നും കൂടുതൽ തുക അനുവദിക്കും. ഐടിഐ യിലെ വർഷോപ്പുകൾ പുതുക്കിപ്പണിയും. മിടുക്കരായകുട്ടികളെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഐടിഐ യിലെ 123 അധ്യാപകരും ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫിഷറീസ്, സാംസ്‌ക്കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഒരു ഐടിഐക്കായി സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മാറ്റിവച്ചത് ചെങ്ങന്നൂർ ഐടിഐക്കാണെന്ന് മന്ത്രി പറഞ്ഞു. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലെ ഉയർത്താൻ 20 കോടി രൂപ അനുവദിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം ആരും വിശ്വസിച്ചില്ല. പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു. തുടർന്ന് യുദ്ധ കാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ചാണ് ഇപ്പോൾ ഉദ്ഘാടനത്തിന് സജ്ജമായത്. മികവിന്റെ പാതയിലുള്ള ചെങ്ങന്നൂർ ഐടിഐയിലേക്ക് പുതിയ കോഴ്‌സുകൾ അനുവദിച്ചു തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ക്യാമ്പസിലെ ആഭ്യന്തര റോഡുകൾ നിർമ്മിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾക്കും രണ്ടു കോടി രൂപ കൂടി അനുവദിക്കണം. ക്യാമ്പസിൽ കളിസ്ഥലം നിർമ്മിക്കുന്നതിന് അടുത്ത ബജറ്റിൽ തുക വകയിരുത്താൻ ആവശ്യപ്പെടും. സ്ഥാപനം വൃത്തിയായി സൂക്ഷിക്കണമെന്നും അധ്യാപകരും വിദ്യാർത്ഥികളും ഇതിന് ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോൺട്രാക്ടർ എ ജെ തോമസിനെ ചടങ്ങിൽ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌നേഹഭവൻ നിർമ്മിക്കുന്നതിന് എൻഎസ്എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ കൂപ്പൺ മന്ത്രി പ്രകാശനം ചെയ്തു.
ഡയറക്ടർ ഓഫ് ട്രെയ്നിങ് സൂഫിയാൻ അഹമ്മദ് സ്വാഗതം പറഞ്ഞു. കെയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടിവി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് , വാർഡ് കൗൺസിലർ മനു കൃഷ്ണൻ , അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് മിനി മാത്യു, എം. എഫ്. സാംരാജ് , ഡോ. എസ്. സജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി എൽ അനുരാധ നന്ദി പറഞ്ഞു.