മുണ്ടക്കൈ - ചൂരൽമല സ്‌കൂളുകളിലെ പുന:പ്രവേശനോത്സവം ഇന്ന്
ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ - ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം ഇന്ന് രാവിലെ

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ - ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം ഇന്ന് രാവിലെ 10 ന് മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വെള്ളാർമല ജി വി എച്ച് എസ് മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി എൽ പി സ്‌കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുക.
വെള്ളാർമല സ്‌കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികൾക്കുമാണ് മേപ്പാടി ഗവ ജി എച്ച് എസ് എസിലും മേപ്പാടി എ പി ജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്. മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ പട്ടികജാതി - പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വികസന മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷനാവും. ഉരുൾപൊട്ടലിൽ നഷ്ടമായ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും.