തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടുള്ള അറ്റകുറ്റപ്പണി വെള്ളിയാഴ്ചയിലേക്ക് മാറ്റി
അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ചൊവ്വാഴ്ച രാത്രി മുതൽ രണ്ട് ദിവസത്തേക്ക് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
മരട് (കൊച്ചി): ദേശീയപാത 966 ബിയിലെ കുണ്ടന്നൂർ-തേവര പാലത്തിൻ്റെ അറ്റകുറ്റപ്പണി മഴമൂലം വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി മരട് നഗരസഭ അറിയിച്ചു. ശോചനീയാവസ്ഥ പരിഹരിക്കുന്നതിൻ്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ചൊവ്വാഴ്ച രാത്രി മുതൽ രണ്ട് ദിവസത്തേക്ക് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പണി ആരംഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ ചർച്ചയിൽ, കാലാവസ്ഥ അനുകൂലമാണെങ്കിൽ വെള്ളിയാഴ്ച രാത്രി 11 മുതൽ ഗതാഗതം പൂർണ്ണമായും നിർത്തി ശനി, ഞായർ ദിവസങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ പാലം തുറന്നു കൊടുക്കും.
നഗരസഭാധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ, പൊലീസ് അസി. കമീഷണർ പി. രാജ്കുമാർ, ആലുവ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സുമ ബി.എൻ, അസി. എഞ്ചിനീയർ ഷിബു പി.ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായാൽ രണ്ട് ദിവസത്തിൽ പണി പൂർത്തിയാക്കി തിങ്കളാഴ്ച പാലത്തിലെ ഗതാഗതം പുന:സ്ഥാപിക്കാമെന്നും ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും നഗരസഭാധ്യക്ഷൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു.