മലപ്പുറത്ത് കുഞ്ഞിനെയുൾപ്പടെ ഏഴുപേരെ കടിച്ച നായ ചത്ത നിലയിൽ
പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.

മലപ്പുറം : അമ്മയുടെ തോളിൽ കിടക്കുകയായിരുന്ന കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. മലപ്പുറം പുത്തനങ്ങാടിയിൽ ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവമുണ്ടായത്. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെ നായ ചാടിക്കടിക്കുകയായിരുന്നു. പിന്നാലെ പോകുന്ന വഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. പുത്തനങ്ങാടി പെട്രോൾ പമ്പിന് സമീപത്തെ വീട്ടുമുറ്റത്തുവച്ചാണ് എല്ലാവർക്കും നായയുടെ കടിയേറ്റത്. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എംഇഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പലർക്കും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട് എന്നാണ് സൂചന.