കെ-ടെറ്റ് പരീക്ഷയ്‌ക്ക് ഇനി തമിഴ്, കന്നഡ ചോദ്യക്കടലാസും
2012 മുതൽ തുടരുന്ന ഈ വിവേചനം മൂലം പലർക്കും തൊഴിൽസാധ്യത നഷ്ടപ്പെട്ടതായും ഇവർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, പരാതി നേരിൽക്കേട്ട് തീരുമാനമെടുക്കാൻ നിർദേശി

പാലക്കാട് : കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തമിഴ്, കന്നഡ ഭാഷകളിൽക്കൂടി ചോദ്യക്കടലാസ് നൽകാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.തമിഴ് മീഡിയത്തിൽ പഠിച്ച്, ഡി.എൽ.എഡ് കോഴ്സും തമിഴിൽ പാസാവുന്ന തമിഴ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് സംസ്ഥാനപരീക്ഷാ കമ്മിഷണർ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിൽ ലഭ്യമാകുന്നില്ല. ഇത് പരീക്ഷ ജയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി കേരളൈറ്റ് തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി പീപ്പിൾസ് മൂവ്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. 2012 മുതൽ തുടരുന്ന ഈ വിവേചനം മൂലം പലർക്കും തൊഴിൽസാധ്യത നഷ്ടപ്പെട്ടതായും ഇവർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, പരാതി നേരിൽക്കേട്ട് തീരുമാനമെടുക്കാൻ നിർദേശിച്ചു.
കെ-ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ തമിഴ്ഭാഷയിൽക്കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി തമിഴ് ടീച്ചേഴ്സ് അസോസിയേഷനും നിവേദനം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർതലത്തിൽ തീരുമാനമെടുക്കണമെന്ന് നിർദേശിച്ച പരീക്ഷാഭവൻ സെക്രട്ടറി, മറ്റു ന്യൂനപക്ഷ ഭാഷാസംഘടനകളും ഇതേ അവശ്യം ഉന്നയിക്കാൻ ഇടയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴിലും കന്നഡയിലും ചോദ്യപേപ്പർ ലഭ്യമാക്കാൻ ഉത്തരവിട്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, പരീക്ഷാഭവൻ സെക്രട്ടറി എന്നിവർ തുടർനടപടി സ്വീകരിക്കുമെന്നും ഫെബ്രുവരി 25-ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.