എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് മുതൽ ആരംഭിക്കും
മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. ഹയർസെക്കൻഡറി ആദ്യവർഷ പരീക്ഷ മാർച്ച് ആറ് മുതൽ 29 വരെയും രണ്ടാം വർഷ പരീക്ഷ മാർച്ച് മൂന്ന് മുതൽ 26 വരെയുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 17 മുതൽ 21വരെ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ എട്ടിന് മൂല്യ നിർണയ ക്യാമ്പുകൾ ആരംഭിക്കും. 72 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടക്കുക. മേയ് മൂന്നാം വാരത്തിനുളളിൽ ഫലപ്രഖ്യാപനം നടത്തും. 4,28,951 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.