കോശസൃഷ്ടിക്കായുള്ള ബയോ ഇങ്കിന് പേറ്റന്റ് നേടി ശ്രീ ചിത്ര
തിരുവനന്തപുരം : 2024 നവംബർ 20
സജീവമായ കോശസംയുക്തത്തെ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ബയോ ഇങ്കിനുള്ള പേറ്റന്റ് സ്വന്തമാക്കി
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി. ത്രിമാന ബയോ പ്രിന്റിംഗ് എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ സജീവമായ കോശസംയുക്തത്തെ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പേറ്റന്റ് ലഭിച്ച ബയോ ഇങ്ക് സംയുക്തമാണിത്. രാസമാറ്റം വരുത്തിയ ജലാറ്റിൻ, അഥവാ ജെൽമ ആണ് ഈ ബയോഇങ്കിലെ പ്രധാന ഘടകം. കരൾ പോലെയുള്ള സങ്കീർണ്ണ പ്രവർത്തനങ്ങൾ ഉള്ള കലകൾ ഇതുവഴി സൃഷ്ടിക്കാമെന്ന് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
മരുന്ന് കണ്ടുപിടിത്തത്തിനുള്ള രോഗ പ്രതിഫലന ബദൽ സംവിധാനമായും, രാസപദാർത്ഥ പരീക്ഷണങ്ങൾക്കും, വ്യക്തിഗത മരുന്ന് നിർമ്മാണത്തിനും ബയോഇങ്കിനുള്ള സാധ്യതകൾ വളരെ വലുതാണ്. നിലവിൽ മൃഗങ്ങളിൽ ചെയ്‌തു വരുന്ന രീതികൾക്ക് പകരം, ബയോഇങ്ക് ഉപയോഗിച്ച് നിർമ്മിക്കുന്ന ത്രിമാന കലകളിൽ മൃഗങ്ങൾ ഇല്ലാതെ തന്നെ ലാബുകളിൽ കൂടുതൽ വിശ്വാസയോഗ്യമായ പരീക്ഷണങ്ങൾ ചെയ്യാം. ഒരു പ്രത്യേക രോഗിയുടെ കോശങ്ങൾ വിവിധ മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കി വ്യക്തിഗതമായ ചികിത്സകൾ പ്രാപ്‌തമാക്കി പ്രതികൂല പാർശ്വഫലങ്ങൾ കുറയ്ക്കുവാൻ ഈ സമീപനം സഹായിക്കും.
അവയവങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ അവയവ ഘടനകളെ കൃത്രിമമായി നിർമ്മിക്കാമെന്നുള്ളതാണ് ബയോഇങ്കിന്റെ മറ്റൊരു സാധ്യത. ഉടനെ മനുഷ്യരിൽ ഉപയോഗിക്കാൻ സാധ്യമല്ലെങ്കിലും ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച ത്രിമാന കലകൾ, ഭാവിയിൽ നൂതനമായ പുനരുജ്ജീവന ചികിത്സാ രീതി വഴി, അവയവം മാറ്റിവയ്ക്കലിനോ കേടായ അവയവങ്ങൾ പ്രവർത്തനക്ഷമമാക്കാനോ വഴിതെളിക്കും.
ത്രിമാന പ്രിന്റിങ്ങിനായുള്ള ഒരു ഹൈഡ്രോജൽ സിസ്റ്റം എന്ന തലക്കെട്ടിൽ ഇന്ത്യൻ പേറ്റൻറ് ശ്രീചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. "സയർ ചിത്ര ജൽമ യുവിഎസ് ബയോഇങ്ക്" എന്ന വ്യാപാര നാമത്തിൽ വാണിജ്യവൽക്കരിക്കും. അനിൽകുമാർ പി ആർ, ഷൈനി വേലായുധൻ എന്നിവരാണ് പ്രധാന ഗവേഷകർ.