വാട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്; യുവതിയിൽ നിന്ന് 51 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
യുവതിയുടെ വാട്‌സാപ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് അയച്ചു
കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങിന്റെ മറവില്‍ യുവതിയില്‍ നിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മുണ്ടിക്കല്‍ താഴം സ്വദേശിനിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി മുഹമ്മദ് അന്‍താഷിനെ (25) ചേവായൂര്‍ പൊലീസ് പിടികൂടിയത്. യുവതിയുടെ വാട്‌സാപ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
2024 ഏപ്രില്‍, മെയ് മാസങ്ങളിലായി 51,48,100 രൂപ പ്രതി ചതിച്ചു കൈവശപ്പെടുത്തുകയായിരുന്നു. തട്ടിപ്പിന് ശേഷം തുക സംസ്ഥാനത്തിന് പുറത്തുള്ള 9 അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. അതില്‍ ഒരു അക്കൗണ്ടില്‍ നിന്നും തുക ട്രാന്‍സ്ഫര്‍ ചെയ്തത് കാസര്‍കോട് സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു.
കാസര്‍കോട് ടൗണില്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍നിന്നു ചെക്ക് ഉപയോഗിച്ച് 9 ലക്ഷത്തോളം രൂപ പ്രതി പിന്‍വലിച്ചു. അന്വേഷണത്തിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ വിദ്യാനഗറിലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.