മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ; ഞായറാഴ്ചയും സൗകര്യം
*ഇ പോസ് യന്ത്രത്തിൽ വിരലുപയോഗിച്ച് ഇകെവൈസി മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്കു മറ്റൊരവസരം നൽകുന്നതായിരിക്കും

കോട്ടയം: ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ നടത്താം. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിങ് നടത്തണണമെന്നു ജില്ലാ സപ്ളൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. *ഞായറാഴ്ചയും(സെപ്റ്റംബർ 29) മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്.*
2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ വ്യക്തികളും, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആദ്യഘട്ടത്തിൽ ഈ പോസ് വഴി ഇകെവൈസി അപ്ഡേഷൻ ചെയ്തവരും റേഷൻ കടയിലെത്തി വീണ്ടും ഇകെവൈസി മസ്റ്ററിങ് ചെയ്യേണ്ടതില്ല. 2024 ഓഗസ്റ്റ് അഞ്ചു മുതൽ നാളിതുവരെയുള്ള ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ അംഗങ്ങൾ ഒഴികെയുള്ള മറ്റ് അംഗങ്ങൾ റേഷൻ കടയിലെത്തി മസ്റ്ററിങ് നടത്തണം.
2024 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ ഇകെവൈസി മസ്റ്ററിംഗിനു വേണ്ടി ജില്ലയിലെ എല്ലാ റേഷൻകടകളുടെയും സമയക്രമം പുനക്രമീകരിച്ചു.
രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും.
ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെ ഇകെവൈസി മസ്റ്ററിംഗ് മാത്രം.
വൈകുന്നേരം മൂന്നുമണി മുതൽ നാലു മണി വരെ ഇകെവൈസി മസ്റ്ററിംഗ് മാത്രം.
വൈകുന്നേരം നാലുമണി മുതൽ ഏഴുമണി വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും.
സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ ഒൻപതു മണി മുതൽ ഒരുമണി വരെയും വൈകുന്നേരം മൂന്നുമണി മുതൽ ആറുമണി വരെയും റേഷൻകടകൾ വഴി ഇ കെവൈസി മസ്റ്ററിംഗ് നടത്തും.
മുൻഗണനാവിഭാഗം റേഷൻ കാർഡ് അംഗങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു. *ഇ പോസ് യന്ത്രത്തിൽ വിരലുപയോഗിച്ച് ഇകെവൈസി മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്കു മറ്റൊരവസരം നൽകുന്നതായിരിക്കും.* 10 വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ അപ്ഡേഷനുശേഷം ഇകെവൈസി മസ്റ്ററിംഗ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക: ഫോൺ: 0481 2560371