രാജി വയ്ക്കുമെന്ന് സൂചന നൽകി പി വി അൻവർ
ഇടത് എംഎൽഎ പിവി അൻവർ സ്ഥാനം രാജിവയ്ക്കുമെന്ന് അഭ്യൂഹം ശക്തം.
 
                                    മലപ്പുറം: തുടർച്ചയായ ആരോപണങ്ങളിലൂടെ സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കിയ ഇടത് എംഎൽഎ പിവി അൻവർ സ്ഥാനം രാജിവയ്ക്കുമെന്ന് അഭ്യൂഹം ശക്തം. നിലമ്പൂരിൽ വനം വകുപ്പിന്റെ കെട്ടിടത്തിന്റെയും സംരക്ഷണ വേലിയുടെയും ഉദ്ഘാടന ചടങ്ങിൽ ഇതുസംബന്ധിച്ച സൂചനയും എംഎൽഎ നൽകി. ചടങ്ങിൽ വനംവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരെ വിമർശിക്കുന്നതിനിടെയാണ് പി വി അൻവർ രാജി സൂചന നൽകിയത്.'ഉദ്യോഗസ്ഥർക്ക് സൗകര്യം വേണമെന്നതിൽ തർക്കമില്ല. എന്നാലത് ആഡംബരമാകരുത്. റേഞ്ച് ഓഫീസ് പുതിയത് പണിയുമ്പോ പഴയത് റെസ്റ്റ് റൂം ആക്കാം. വീണ്ടുമൊരു കെട്ടിടം പണിയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആന ശല്യത്തെക്കുറിച്ച് പരാതി പറയാൻ പോയ ആളോട് ഫോറസ്റ്റ് ഓഫീസർ പത്ത് ലക്ഷം കിട്ടില്ലേയെന്ന് ചോദിച്ചു. ഇതൊക്കെ ഇവിടയെ നടക്കൂ. ഞാനിത് ഇപ്പോൾ പറയുന്നത് മന്ത്രിയുള്ളത് കൊണ്ടാണ്. സാധാരണ നിയമസഭയിലാണ് പറയാറുള്ളത്. എന്നാൽ ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് അറിയില്ല. പറയാനുള്ളതെല്ലാം മുൻകൂറായി പറഞ്ഞ് പോവുകയാണ്. വനം ഉദ്യോഗസ്ഥരുടെ രീതി ശരിയല്ല'- എന്നായിരുന്നു ചടങ്ങിൽ പി വി അൻവർ പറഞ്ഞത്.സിപിഎമ്മിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്നും പി വി അൻവർ മലപ്പുറത്ത് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            