ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്
ആലപ്പുഴ :കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വർഗീസ് വൈദ്യന്റെ മകനായ ലാൽ 1972ൽ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1980ൽ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷററായി. കർഷക കോൺഗ്രസിൽ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സംസ്ഥാന പ്രസിഡന്റായ ലാൽ 2022 വരെ ഈ പദവിയിൽ തുടർന്നു.2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. ഹോർട്ടികോർപ് ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2020ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ. തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി സഹോദരനാണ്