രസതന്ത്ര നൊബേല്‍ : സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവര്‍ക്ക്
മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം

സ്വീഡൻ : 2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.ഈ മൂന്ന് ജേതാക്കളും ഒരു പുതിയ തരം തന്മാത്രാ ഘടന വികസിപ്പിച്ചെടുത്തുവെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പറഞ്ഞു.
മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍ തന്മാത്രകള്‍ക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാന്‍ കഴിയുന്ന വലിയ അറകളുണ്ട്. മരുഭൂമിയിലെ വായുവില്‍ നിന്ന് ജലം ശേഖരിക്കാനും, വെള്ളത്തില്‍ നിന്ന് മലിനീകാരികളെ വേര്‍തിരിച്ചെടുക്കാനും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കാനും, ഹൈഡ്രജന്‍ സംഭരിക്കാനും ഗവേഷകര്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനം സ്ഥാപിച്ചത്.
സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളിലും നൊബേല്‍ സമ്മാനം നല്‍കാറുണ്ട്. 1968-ല്‍ ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനും ഒരു നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തി