മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസ് ; വിചാരണ ഡിസംബര്‍ 2 ന് ആരംഭിക്കും
. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. 18 വരെ നീളും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണനയ്‌ക്ക് വരുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിയോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിച്ചത്. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിലാണ്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കും. രണ്ടു മുതല്‍ ആറു വരെ സാക്ഷികള്‍ സംഭവം നേരില്‍ കണ്ടു എന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടോര്‍ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ.