സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയിലെ തൊഴില്‍ ചൂഷണം; പൊലീസും തൊഴില്‍ വകുപ്പും അന്വേഷണം തുടങ്ങി,
മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ തൊഴില്‍ ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പൊലീസും തൊഴില്‍ വകുപ്പും അന്വേഷണം തുടങ്ങി. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.ഇത്തരം നടപടികള്‍ ഒരുകാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലെന്ന്് പറഞ്ഞ മന്ത്രി വിഷയം വളരെ ഗൗരവകരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നും വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. അഭിഭാഷകനായ കുളത്തൂര്‍ ജയസിംഗ് നല്‍കിയ പരാതിയിലാണ് നടപടി.ടാര്‍ഗറ്റ് തികയ്‌ക്കാത്തതിന് ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികളുടെ കഴുത്തില്‍ നായ്‌ക്കള്‍ക്ക് ഉപയോഗിക്കുന്ന ബെല്‍റ്റ് ഇട്ട് കാല്‍ മുട്ടില്‍് നടത്തിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്..
ടാര്‍ഗറ്റ് നേടാത്തതിന്റെ പേരില്‍ അധികൃതര്‍ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന തരത്തില്‍ പ്രചരിച്ച വീഡിയോ മനഃസാക്ഷിയെ നടുക്കുന്നതാണ്. എന്നാല്‍ വിഡിയോയിലെ സംഭവങ്ങള്‍ തങ്ങളുടെ ഓഫീസില്‍ നടക്കുന്നതല്ല എന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും ആരോപണ വിധേയമായ കമ്പനിയിലെ അധികൃതര്‍ അറിയിച്ചു.
വീടുകളില്‍ പാത്രങ്ങളും മറ്റും വില്‍പന നടത്താന്‍ എത്തുന്നവരെയാണ് ഇത്തരത്തില്‍ ദിവസവും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കമ്പനി അധികൃതര്‍ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഇയാള്‍ ജയിലില്‍ പോയിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. സ്ഥാപനത്തില്‍ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമ ഉബൈദ്.