കെട്ടിട നികുതി കുടിശികയ്‌ക്ക് കൂട്ടുപലിശ നിർത്തലാക്കും:മന്ത്രി എം.ബി.രാജേഷ്
17,799 ആകെ പരാതികൾ 16,767തീർപ്പാക്കിയത്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടനികുതി, വാടക കുടിശികകൾക്ക് കൂട്ടുപലിശ നിർത്തലാക്കും. ക്രമപലിശ മാത്രമായിരിക്കും ഈടാക്കുകയെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോർപ്പറേഷൻ /മുനിസിപ്പൽ പരിധിയിൽ രണ്ട് സെന്റുവരെ സ്ഥലത്ത് നിർമ്മിക്കുന്ന 100 ച.മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണ് ഉള്ളതെങ്കിൽ ഫ്രണ്ട് യാർഡ് ഒരു മീറ്ററായി കുറച്ച് ചട്ടഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
80 ച.മീറ്റർ വരെയുള്ള വീടുകളുടെ 2024-25 വരെയുള്ള നികുതി കുടിശികയുടെ പിഴപ്പലിശ ഒഴിവാക്കും. കുടിശിക മാത്രം അടച്ചാൽ മതി.
തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട പരാതി അദാലത്തുകളുടെ അടിസ്ഥാനത്തിൽ 35 തീരുമാനങ്ങൾ കൈക്കൊണ്ടു. ആറ് ചട്ടഭേദഗതികളുടെ ഉത്തരവിറങ്ങി. 15 ചട്ടഭേദഗതികൾ പുരോഗമിക്കുന്നു.
എല്ലാ ജില്ലകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലുമായി 17 അദാലത്തുകൾ പൂർത്തിയായി. ലഭിച്ച 17,799 പരാതികളിൽ 16,767 എണ്ണവും തീർപ്പാക്കി. 92 ശതമാനവും അപേക്ഷകന് അനുകൂലമായാണ് തീർപ്പാക്കിയത്. 14,095 പരാതികളിലെ തീരുമാനങ്ങൾ നടപ്പാക്കി. 1032 പരാതികളാണ് ബാക്കിയുള്ളത്. ഒക്ടോബർ 15നകം ഇവയെല്ലാം തീർപ്പാക്കി, തീരുമാനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.