സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാര്‍ ശനിയാഴ്ച മുതല്‍ സമരത്തില്‍ ;പക്ഷേ ജോലിയില്‍ നിന്ന് വിട്ടുനില്ക്കില്ല
തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക.
 
                                    തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാര്‍ ശനിയാഴ്ച മുതല്‍ പ്രത്യക്ഷ സമരത്തില്‍. കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടാണ് സമരം നടത്തുക. തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക.വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്നതില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചും 2016ല്‍ അംഗീകരിച്ച ചട്ടങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.ഒറ്റയടിക്ക് പത്ത് മണിക്കൂറിലധികം ജോലി ചെയ്യില്ല, 46മണിക്കൂര്‍ വാരവിശ്രമം, തുടര്‍ച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യില്ല എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കികൊണ്ടായിരിക്കും അവകാശ പ്രഖ്യാപന പ്രതിഷേധമെന്ന് എഐഎല്‍ആര്‍എസ്എ വിശദീകരിക്കുന്നു. ഇതെല്ലാം അംഗീകരിക്കപ്പെട്ട വ്യവസ്ഥകളാണെന്നും ഒരു ചട്ടവും ലംഘിക്കുന്നില്ലെന്നും ഓള് ഇന്ത്യ ലോകോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ ദക്ഷിണമേഖലാ ഘടകം വ്യക്തമാക്കി.ട്രെയിന്‍ യാത്രയുടെ സുരക്ഷാ സൗകര്യം ഉറപ്പാക്കാന്‍ 2012ല്‍ ചര്‍ച്ച തുടങ്ങി 2016ല്‍ അംഗീകരിച്ച് 2020 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച വ്യവസ്ഥകളാണ് ഇവ. എന്നാല്‍, പല കാരണങ്ങള്‍ പറഞ്ഞ് നിര്‍ദേശങ്ങള്‍ നടപ്പായില്ല. ഇനി അവകാശപ്രഖ്യാപനമല്ലാതെ വേറെ വഴിയില്ലെന്ന് ലോക്കോ പൈലറ്റുമാര്‍ ഉറപ്പിച്ച് പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            