കൊട്ടിക്കലാശം ഇന്നലെ സമാപിച്ചതോടെ ഇനി നിശബ്ദപ്രചാരണം, നാളെ വിധിയെഴുത്ത്
സംസ്ഥാനത്തെ 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്
തിരുവനന്തപുരം: നാൽപതു ദിവസം നീണ്ടനിന്ന പരസ്യപ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെയും കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്.നിശബ്ദ പ്രചാരണത്തിന്റെ ദിനമായ ഇന്ന് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കേണ്ടതുണ്ട്. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, അഭിപ്രായ സർവേ, പോള്‍ സര്‍വേ, എക്സിറ്റ് പോള്‍ തുടങ്ങി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
വോട്ടിംഗ് ശതമാനം 80 ശതമാനമെങ്കിലും ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പു കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ വോട്ട് രേഖപ്പെടുത്തിയത്.വോട്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 1.43 കോടി സ്ത്രീ വോട്ടർമാരും 1.34 കോടി പുരുഷ വോട്ടർമാരുമാണ് വിധി നിർണയിക്കുന്നത്. 25,231 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 30,238 ബാലറ്റ് യൂണിറ്റുകളും 32,698 വിവി പാറ്റുകളുമാണ് തയാറായിട്ടുള്ളത്. സുരക്ഷാ ക്രമീകരണത്തിനായി 66,303 പോലീസുകാരെയാണ് നിയോഗിച്ചത്.കേന്ദ്രസേനകളിൽനിന്ന് 4,464 ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 183 ഡിവൈഎസ്പിമാരാണ് നിയന്ത്രണത്തിനുള്ളത്. ഇരട്ടവോട്ടുകളും കള്ളവോട്ടുകളും തടയാൻ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.