കൊച്ചി - ലണ്ടൻ എയർ ഇന്ത്യ വിമാന സർവീസ് പുനഃരാരംഭിക്കും
യുകെയിലെ ലോക കേരള സഭയുടെ അംഗങ്ങൾ സംസ്ഥാന സർക്കാരിന് കൊച്ചി ലണ്ടൻ വിമാന സർവീസ് വിഷയത്തിൽ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് സിയാൽ അധികൃതർ എയർ ഇന്ത്യയുമായി ചർച്ച നടത്തിയത്

കൊച്ചി: കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ വിമാന സർവീസ് പുനഃരാരംഭിക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്താനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് സിയാൽ അധികൃതർ എയർ ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് വിമാന സർവീസ് പുനഃരാരംഭിക്കാൻ ധാരണയായത്. കൊച്ചി - ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുമെന്ന് മന്ത്രി പി രാജീവും അറിയിച്ചു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽനിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം നിലവിൽ സർവീസ് നടത്തുന്നത്. ശീതകാല ഷെഡ്യൂൾ അവസാനിക്കുന്നതോടെ സർവീസ് മാർച്ച് 28ന് നിർത്തുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. വാർത്ത പുറത്ത് വന്നതോടെ സർവീസ് നിർത്തലാക്കരുതെന്ന് പ്രവാസി സംഘടനകളെല്ലാം ആവശ്യപ്പെട്ടിരുന്നു. എംപിമാർ ഇക്കാര്യം ഉന്നയിച്ച് വ്യോമയാന മന്ത്രിയെ കാണുകയും ചെയ്തു.