അടുത്ത മാസം മുതൽ അടുത്ത തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഫെബ്രുവരി ആറിനു ഇതിനായി യോഗം :കെ ജയകുമാർ
ശബരിമലയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കുന്നത് നിറുത്തലാക്കും
അവലോകനം, ആസൂത്രണം എന്ന രീതിയിൽ യോഗങ്ങൾ തുടരും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയ്റ്റ് ലൈനിൽ വ്യക്തമാക്കിയതാണിത്. ഫെബ്രുവരി മുതൽ ഒക്ടോബർ 31വരെയുളള ഒൻപതു മാസക്കാലം അടുത്ത തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നടത്തും. തീർത്ഥാടനത്തിന് പണം വിനിയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാകുമെന്ന് ജയകുമാർ പറഞ്ഞു.
എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്ന തുക മുൻകൂട്ടി അനുവദിച്ച ശേഷമാണ് നിലവിൽ തീർത്ഥാടനം നടത്തുന്നത്. തീർത്ഥാടനം കഴിഞ്ഞാണ് കണക്ക് ലഭിക്കുന്നത്. കണക്ക് വൈകുന്തോറും ഓഡിറ്റ് വൈകും. ഇതുകാരണം ബോർഡിന് ഹൈക്കോടതിയുടെ ശാസനയേൽക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് ഫെസ്റ്റിവൽ ബഡ്ജറ്റ്. ശബരിമലയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കുന്നത് നിറുത്തലാക്കും. ടോയ്ലറ്റുകളുടെ ഇപ്പോഴത്തെ നിലവാരത്തിൽ ദേവസ്വം ബോർഡിന് തൃപ്തിയില്ല. ടോയ്ലറ്റ് ലേലം ചെയ്തു കൊടുക്കുന്നതിനാൽ ഭക്തരെ ചൂഷണം ചെയ്യുന്നുണ്ട്. പത്തുരൂപ ഫീസിന് നൂറ് കൊടുത്താൽ ബാക്കി നൽകാത്ത സംഭവങ്ങളുണ്ട്. ടോയ്ലറ്റുകൾ വൃത്തിയുള്ളതാക്കും. അതിൽ നിന്ന് ലാഭം ഉണ്ടാക്കില്ല. സൗജന്യമായിരിക്കും
ഒരു ബോർഡ് യോഗത്തിൽ പരമാവധി 30 അജണ്ടകൾ മാത്രം ചർച്ച ചെയ്യും. നേരത്തെ 80-90 വിഷയങ്ങൾ അജണ്ടയായിരുന്നു. പ്രസിഡന്റിന്റെ പരിശോധനയ്ക്കു ശേഷമേ അജണ്ടകൾ ബോർഡിന് മുന്നിൽ വയ്ക്കൂ. തീരുമാനങ്ങളിൽ ബോർഡിന് സമ്പൂർണ ഉത്തരവാദിത്വമുണ്ടാകും.
1.വിരി വയ്ക്കുന്നതിന് അടുത്ത സീസൺ മുതൽ കൂടുതൽ സൗകര്യം
2.തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ അറിയിപ്പ്
3.പായസ സദ്യ വിജയം, ദിവസം 6000 ഭക്തർ സദ്യയുണ്ടു
''ദേവസ്വം ബോർഡ് മാത്രം വിചാരിച്ചാൽ തീർത്ഥാടനം നടത്താൻ കഴിയില്ല. സർക്കാരിന്റെ നല്ല പിന്തുണയും സഹായവും ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ എ എസ് പറഞ്ഞു .


