നിയുക്തി തൊഴിൽമേള: 115 പേർക്ക് നിയമനം
25 പ്രമുഖ കമ്പനികൾ മേളയിൽ
കാഞ്ഞിരപ്പള്ളി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ സഹകരണത്തോടെ കോളജ് കാമ്പസിൽ നടത്തിയ നിയുക്തി-2024 തൊഴിൽമേളയിൽ 115 പേർക്ക് നിയമനം ലഭിച്ചു. 367 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് തൊഴിൽമേള ഉദ്ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഒ.എസ്. ശ്രീകുമാർ, വാർഡ് മെംബർ ഷാലിമ്മ ജയിംസ്, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എച്ച്ആർ സെൽ കോ-ഓർഡിനേറ്റർ പ്രതീഷ് ഏബ്രഹാം, കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസർ എസ്. സൈമൺ എന്നിവർ പ്രസംഗിച്ചു.
പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള 25 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക്, ജനറൽ നഴ്സിംഗ്, പാരാമെഡിക്കൽ, എംബിഎ, എംസിഎ യോഗ്യതയുള്ളവർക്കായി 1500ലധികം ഒഴിവുകളിലേക്ക് തൊഴിൽമേള അവസമൊരുക്കി.