2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

* ഗ്രീൻ ബജറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Aug 10, 2025
2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
green budget

* സീഡ് ബോൾ നിർമാണം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണത്തിന്റെ ഉദ്ഘാടനവും ഗ്രീൻ ബജറ്റ് 2025 ന്റെ പ്രകാശനവും  പുത്തരിക്കണ്ടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പാക്കുന്ന നഗരം എന്ന സ്ഥാനം തിരുവനന്തപുരം സ്വന്തമാക്കുകയാണ്. കാർബൺ ബഹിർഗമനത്തെ പരിമിതപ്പെടുത്താനായി നഗരത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ് ഗ്രീൻ ബജറ്റിൽ വ്യക്തമാക്കുന്നത്. ഇത് മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണ്. കാലാവസ്ഥാ വ്യതിയാനംപ്രകൃതി ക്ഷോഭം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച്  ലോകത്തെമ്പാടും ചർച്ചകൾ നടക്കുന്നുണ്ട്. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പൊതുവായ യോജിപ്പ് അന്താരാഷ്ട തലത്തിൽ ഉയർന്നു വരുന്നില്ല. യുഎൻ ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറൻസിലും വ്യക്തമായ മാർഗരേഖകളൊന്നും രൂപീകരിച്ചില്ല. അതിനൊന്നും കാത്തുനിൽക്കാതെയാണ് നാം നടപടികളിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളും പുനരുപയോഗ ഊർജ സ്രോതസുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്തെ സോളാർ നഗരമാക്കുന്നതിനുള്ള നഗരസഭയുടെ പ്രവർത്തനം അഭിനന്ദനീയമാണ്. 125 കോടി രൂപ ചെലവിലാണ് സർക്കാർ ഓഫീസ് കെട്ടിടങ്ങളിൽ നരഗസഭ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്. ഇലക്ട്രിക് ബസ് വാങ്ങാനായി. 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ നഗരസഭ വാങ്ങി വിതരണം ചെയ്തു. ഇത്തരത്തിലുളള പ്രവർത്തനങ്ങളിലൂടെ അതിവേഗം വികസിക്കുന്ന നഗരങ്ങളിൽ ഒന്നാമതാകാൻ തിരുവനന്തപുരത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീഡ് ബോൾ കാംപെയിൻ ആറായിരം വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ആയിരം വിദ്യാർത്ഥികൾ അധികമായെത്തുകയും ഇവർ തയ്യാറാക്കിയ സീഡ് ബോളുകൾ ഗ്രീൻ ട്രിവാൻഡ്രം എന്ന ആശയം മുൻനിർത്തി  ഓഫീസ് പരിസരങ്ങളിലും തരിശുഭൂമിയിലുമാണ് നിക്ഷേപിക്കുന്നത്. നാലു ലക്ഷം സീഡ്  ബോളുകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ നാട്ടിൽ വൻതോതിൽ മരങ്ങൾ വളരാനിടയാകും.   ഇത്തരത്തിൽ പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കുന്നതിനായി നാം ഏറ്റെടുത്തു നടത്തുന്ന  പ്രവർത്തനങ്ങളിലൂടെ നല്ലതോതിൽ പരിസ്ഥിതി സൗഹൃദ അവബോധം സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നഗരസഭ തയ്യാറാക്കിയ ഗ്രീൻ ബജറ്റ് മുഖ്യമന്ത്രി മേയർ ആര്യ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. തലസ്ഥാനത്തെ കാർബൺ രഹിതമാക്കുന്നതിനായി  വിദ്യാർത്ഥികൾ കൈകോർത്ത  സീഡ് ബോൾ നിർമ്മാണം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് പരിഗണിക്കപ്പെട്ടതിന്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇന്ത്യ പ്രതിനിധി റെനീഷ് മേയർ ആര്യ രാജേന്ദ്രന് കൈമാറി.

മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ നഗരസഭ  ഡെപ്യൂട്ടി സ്പീക്കർ പി കെ രാജു സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ്,
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഡോ. നീരീഷ് പി.എച്ച്,  നഗരസഭ സെക്രട്ടറി ജഹാംഗീർ എസ്
,  സ്റ്റാന്റിംഗ്  കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ തുടങ്ങിയവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.