ആഗോള ടിബി നിവാരണ മാർഗങ്ങൾ കേരളത്തിലേക്ക്: സെമിനാറും ഡോക്യുമെന്റ് പ്രകാശനവും
ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ' മുഖ്യമന്ത്രി പ്രകാശനം ചെയ്യും
തിരുവനന്തപുരം : ക്ഷയരോഗത്തിനെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് സെമിനാറും പാനൽ ചർച്ചയും ഡോക്യുമെന്റ് പ്രകാശനവും സംഘടിപ്പിക്കും. സെപ്റ്റംബർ 5 ന് വൈകിട്ട് 3.30ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ ഉൾക്കൊള്ളുന്ന ഡോക്യുമെന്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിയ്ക്കും.
ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് അടുത്തിടെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കി 2025ഓടെ കേരളത്തെ ക്ഷയ രോഗമുക്തമാക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ലോകാരോഗ്യ സംഘടനാ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്റികോ എച്ച് ഓഫ്രിൻ, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുക്കും.
അനുബന്ധമായി നടക്കുന്ന ആഗോള ടിബി നിവാരണ മാർഗങ്ങൾ കേരളത്തിലേക്ക് എന്ന സെമിനാറിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥൻ, ഡോ. രഞ്ജിനി രാമചന്ദ്രൻ, ഡോ. സഞ്ജീവ് നായർ, ഡോ. രാകേഷ്. പി.എസ്. എന്നിവർ പങ്കടുക്കും.