ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി
രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്
 
                                    തിരുവനന്തപുരം : ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി.വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. നിമജ്ജനത്തിനു മുൻപ് വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റേണ്ടതാണ്. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങളിൽ അപകടകാരിയായ/ മാരകമായ/ വിഷലിപ്തമായ പെയിന്റുകൾ/ ചായങ്ങൾ ഉപയോഗിക്കരുത്. നിറം നൽകുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണം. കിണറുകൾ, തടാകങ്ങൾ, നദികൾ എന്നീ ശുദ്ധ ജലസ്ത്രോതസ്സുകൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള കുളങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങൾ, അധികം പുക പുറന്തള്ളുന്ന പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുത്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            