പനി: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ.

Jul 4, 2024
പനി: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ.
കോട്ടയം: ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നും  ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു.  വർഷകാലത്ത് സാധാരണ ഉണ്ടാകാറുള്ള  വൈറൽ പനിയാണ് (സാധാരണ ഫ്ലൂ) ഭൂരിഭാഗവും എന്നാണ് പരിശോധന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഈ സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.  2024 ജൂണിൽ പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 8406 ആണ്.  ഇത് മുൻ വർഷം 14316 ആയിരുന്നു.  
പനിബാധിതർ പൊതുസ്ഥലങ്ങളിൽ പോകുന്നത്‌ ഒഴിവാക്കണം, ജലദോഷം ബാധിച്ചവർ മാസ്ക് ഉപയോഗിക്കുകയും, തുമ്മുകയോ  ചുമക്കുകയോ  ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണം.  അടിക്കടി കൈകൾ കഴുകുകയും ചെയ്യുന്നത് പകർച്ചവ്യാധികൾ പകരുന്നത് തടയും.  പനിബാധിതർ ഡോക്ടറെ കണ്ടു ചികിത്സ നേടുകയും ആവശ്യത്തിന് വിശ്രമിക്കുകയും നന്നായി പാനീയങ്ങൾ കുടിക്കുകയും വേണം.
ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ജീവനക്കാരുടെ സേവനം  ഉറപ്പാക്കിയിട്ടുണ്ട്.  ആവശ്യമരുന്നുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവ ലഭ്യമാണ്.  കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, കുറവിലങ്ങാട് തുടങ്ങിയ പ്രധാന ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകളും പനി വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.  എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ടോക്കൺ സമ്പ്രദായമുൾപ്പെടെ ക്യൂ നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  
പകർച്ചവ്യാധികൾ പകരുന്നത് തടയാൻ മേയ് 27 മുതൽ തന്നെ ജില്ലയിൽ പ്രഥമം പ്രതിരോധം എന്ന പേരിൽ ശക്തമായ രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ പകരുന്നത് തടയാൻ മൂന്ന് ദിവസം കൊണ്ട് 37000 ലധികം കിണറുകൾ ആരോഗ്യപ്രവർത്തകരുടെയും ആശാപ്രവർത്തകരുടെയും നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്‌തു.  തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധപുലർത്തണം.  
എലിപ്പനി ഗുരുതരമാകുന്നത് തടയാൻ മലിനജലവുമായി സമ്പർക്കം വരാന്‍ കൂടുതൽ സാധ്യതയുള്ളവരെ കണ്ടെത്തി പ്രതിരോധ ചികിത്സാ മരുന്നായ ഡോക്സിസൈക്ലിൻ നൽകി.  തൊഴിലുറപ്പ് തൊഴിലാളികൾ, കാർഷിക തൊഴിൽലാളികൾ, ക്ഷീര കർഷകർ തുടങ്ങി 34000 പേർക്കാണ് ഇത്തരത്തിൽ ജൂൺ മാസം മരുന്ന് നൽകിയത്.  പനിബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കി നിർബന്ധമായും ഡോക്ടറെ കണ്ടു ചികിത്സ നേടണം.
ഡെങ്കിപ്പനി വ്യാപിക്കുന്നത് തടയാൻ വീടുകൾ, തൊഴിലിടങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് മൂന്നാഴ്ച്ച തുടർച്ചയായി കൂത്താടി നശീകരണനം  നടത്തി.  ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ജില്ലാ വെക്റ്റർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ് നടപടികൾ പൂർത്തിയാക്കി.  മഴവെള്ളം ചെറുപാത്രങ്ങളിലും സൺഷേഡിലും കെട്ടിനിൽക്കുന്നില്ല എന്നുറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണം.  ആഴ്ചയിലൊരിക്കലെങ്കിലും ഇത് ചെയ്തുവെന്ന് ഉറപ്പാക്കണം.
എച്ച്1. എൻ1 ഇൻഫ്ലുൻസ ഗര്‍ഭിണികളിലും മുതിർന്നവരിലും കൂടുതൽ അപകടകരമാകാമെന്നതിനാൽ ഇവർ പനി  ബാധിച്ചാൽ എത്രയും വേഗം ഡോക്ടറെ കണ്ടു ചികിത്സ നേടണം.   എച്ച്1. എൻ1 ചികിത്സക്കാവശ്യമായ ഒസൾട്ടാമാവിർ ഗുളിക എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.