എരുമേലിയിലെ പേട്ടതുള്ളൽ സാധനങ്ങൾക്ക് ജില്ലാ കളക്ടർ വില താഴ്ന്ന നിരക്കിൽ നിശ്ചയിച്ച് ഉത്തരവിട്ടു
ഹൈക്കോടതി ഇടപെടലിനെത്തുടർന്ന്
എരുമേലി: ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് എരുമേലിയിലെ പേട്ടതുള്ളൽ സാധനങ്ങൾക്ക് ജില്ലാ കളക്ടർ വില താഴ്ന്ന നിരക്കിൽ നിശ്ചയിച്ച് ഉത്തരവിട്ടു. 35 രൂപ വിലയുണ്ടായിരുന്ന ശരക്കോലിന് ഇനി ഏഴു രൂപ നൽകിയാൽ മതി. കച്ച, കിരീടം, വാൾ, ഗദ എന്നിവയ്ക്ക് നേരത്തെ കളക്ടർ 35 രൂപയാണ് വില നിശ്ചയിച്ചിരുന്നത്.
ഇനി കച്ച അഞ്ച് രൂപ, കിരീടം ആറ് രൂപ, വാൾ എട്ടു രൂപ, ഗദ എട്ട് രൂപ എന്നീ നിരക്കിൽ വിൽക്കാനാണ് ഉത്തരവ്. പാഴ്, അസംസ്കൃത വസ്തുക്കൾകൊണ്ട് നിർമിക്കുന്ന ഇവയ്ക്ക് വളരെ തുച്ഛമായ വിലയാണ് യഥാർഥത്തിൽ ഉള്ളതെന്നും എന്നാൽ, കൊള്ളലാഭത്തിൽ വൻ വില ഈടാക്കി എരുമേലിയിൽ കച്ചവടക്കാർ വിൽക്കുന്നുവെന്നും ഇത് ചൂഷണം ആണെന്നും ആരോപിച്ച് അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതേത്തുടർന്ന് വില നിശ്ചയിക്കാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകി. കളക്ടർ റവന്യു ഉദ്യോഗസ്ഥർ മുഖേന എരുമേലിയിൽ കച്ചവടക്കാരുടെ യോഗം ചേർന്ന് വില സംബന്ധിച്ച് ചർച്ച നടത്തിയ ശേഷം 35 രൂപ അടിസ്ഥാന വില നിശ്ചയിച്ച് ഉത്തരവിറക്കി. എന്നാൽ, ഇത് കൂടിയ നിരക്കാണെന്ന് മനോജ് എസ്. നായർ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല സന്നിധാനത്തുള്ള വിലയേക്കാൾ ഇരട്ടിയാണ് ഇതെന്ന് മനോജ് ഹർജിയിൽ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി ജില്ലാ കളക്ടറോട് വില പുനഃപരിശോധിക്കാൻ നിർദേശിച്ചത്. ദേവസ്വം ബോർഡുമായി ചേർന്ന് ഇതോടെ വില പുതുക്കി നിശ്ചയിച്ച കളക്ടർ ഇത് റിപ്പോർട്ട് ആയി ഹൈക്കോടതിക്കു കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. തുടർന്നാണ് പുതിയ വിലനിരക്ക് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.