കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു;
പ്രതിഷേധവുമായി നാട്ടുകാര്‍; കല്കടറെത്തി ധനസഹായം കൈമാറി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി Janmabhumi Online Janmabhumi Online Dec 17, 2024, 05:24 am IST in Kerala
കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്‌ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ് കൊല്ലപ്പെട്ടത്. എല്‍ദോസിനെ റോഡില്‍ മരിച്ച നിലയിലാണ് കണ്ടെത്തിത്. ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം.
നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് സംഭവസ്ഥലത്ത് ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതോടെ നാലുമണിക്കൂറിന് ശേഷം എറണാകുളം ജില്ലാ കലക്ടർ സംഭവസ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കലക്ടർക്കുനേരെയും നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി.
ചര്‍ച്ചയില്‍ കളക്ടര്‍ നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് മൃതദേഹം ആശുപത്രയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.
നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.