വയനാട്ടിൽ തെരച്ചിൽ എട്ടാം ദിവസം; രക്ഷാപ്രവർത്തനത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ
സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ 8 മണിക്ക് ആരംഭിക്കും
 
                                    വയനാട് : മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ് ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ 8 മണിക്ക് ആരംഭിക്കും. എത്തിപ്പെടാൻ സാധിക്കാത്ത ദുർഘട മേഖലകളിൽ വൻ സജ്ജീകരണങ്ങളോടെ തെരച്ചിൽ നടക്കും. പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥരും, 4 എസ് ഒ ജി യും, 6 ആർമി സൈനികരും അടങ്ങുന്ന 12 പേർ പ്രത്യേക സംഘത്തിൽ ഉണ്ടാകും. എയർ ലിഫ്റ്റിങ്ങിലൂടെ സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന മേഖലകളിലെത്തും. മുണ്ടക്കൈ,ചൂരൽ മല,പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലും കൂടുതൽ തെരച്ചിൽ നടത്താനാണ് തീരുമാനം.അതേസമയം , ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിലവിൽ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽ നിന്നും ലഭ്യമാകുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിയുന്നത്ര വേഗത്തിൽ ദുരന്ത ബാധിതരായി കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            