തീർഥാടകരിൽനിന്ന് അമിത വില: കളക്ടർ ഇന്നു ചർച്ച നടത്തും
പാർക്കിംഗ് വാഹനങ്ങൾക്ക് ഫീസ് പിരിക്കാൻ ഫാസ്റ്റാഗ് സൗകര്യം ഏർപ്പെടുത്തണം
എരുമേലി: ശബരിമല തീർഥാടകരിൽനിന്ന് അമിത വില ഈടാക്കുന്നത് ഉൾപ്പെടെ ഇത്തവണത്തെ സീസണിൽ വലിയ തോതിൽ ചൂഷണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വിവിധ ഹൈന്ദവ സംഘടനകൾ നൽകിയ പരാതിയിൽ ഇന്ന് ജില്ലാ കളക്ടർ സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ കളക്ടർക്ക് സംഘടനകൾ പരാതി നൽകിയിരിക്കുന്നത്.
പേട്ടതുള്ളലിൽ ഉപയോഗിക്കുന്ന ശരക്കോൽ, പേട്ടക്കമ്പ്, കച്ച, പേപ്പർ കിരീടം, പാഴ്ത്തടിയിലുള്ള കത്തി, ഗദ എന്നിവയ്ക്ക് നിലവിൽ നിശ്ചിത വില ഇല്ല. കച്ചവടക്കാർ തോന്നിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും വൻ വില ഈടാക്കുന്നുണ്ടെന്നും അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. ഇത്തരം സാധനങ്ങൾ വിൽക്കുന്ന നൂറിൽപരം കടകളുണ്ട്. നിശ്ചിത വില ഏർപ്പെടുത്തിയാൽ അമിത വില തടയാനാകും.
ഭക്ഷണ വില, ടാക്സി ചാർജ്, പാർക്കിംഗ് ഫീസ് ഉൾപ്പെടെ എല്ലാത്തിനും നിശ്ചിത നിരക്ക് ഏർപ്പെടുത്തുന്ന ജില്ലാ ഭരണകൂടം ഇക്കാര്യത്തിലും വിലനിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം
ദേവസ്വം, ജമാഅത്ത്, സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്കിംഗ് വാഹനങ്ങൾക്ക് ഫീസ് പിരിക്കാൻ ഫാസ്റ്റാഗ് സൗകര്യം ഏർപ്പെടുത്തണം. പാർക്കിംഗ് നിരക്കുകൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ വലിയ അക്ഷരങ്ങളിൽ പ്രവേശന ഭാഗത്ത് ഉൾപ്പെടെ മൂന്നു ഇടങ്ങളിലെങ്കിലും പ്രദർശിപ്പിക്കണം.എരുമേലിയിലെ കച്ചവട സ്ഥാപനങ്ങളിൽ കട ഉടമയുടെ പേരും കടയുടെ നമ്പറും ലൈസൻസ് വിവരങ്ങളും കടയുടെ മുന്നിൽ കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം. ശൗചാലയങ്ങളിൽ നിരക്കുകളും പരാതി അറിയിക്കാനുള്ള അധികാരികളുടെ ഫോൺ നമ്പരും ഉൾപ്പെടെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിക്കണം. ശൗചാലയങ്ങളിൽ നിരക്കുകൾ പതിച്ച കൂപ്പൺ സൗകര്യം ഏർപ്പെടുത്തണം.കടകളിൽ ക്രിമിനൽ പശ്ചാത്തലമുള്ള, ലഹരിക്ക് അടിമകളായ ആളുകൾ ജോലിക്ക് നിൽക്കുകയും ഇവർ തീർഥാടകരെ ആക്രമിക്കുകയും അസഭ്യം പറയുകയും വാഹനങ്ങൾക്കു കേടുപാട് വരുത്തുകയും ചെയ്യുന്നത് നിത്യ സംഭവമായതിനാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ കർശനമായ നടപടികൾ വേണം.