അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന് പ്രധാന പരിഗണന: മുഖ്യമന്ത്രി
കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സർക്കാർ ഏറ്റവും മുന്തിയ പ്രാധാന്യം നൽകുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സർക്കാർ ഏറ്റവും മുന്തിയ പ്രാധാന്യം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആ ലക്ഷ്യം നേടാനായി വലിയ തോതിലുള്ള ഇടപെടലാണ് തുടർച്ചയായി നടത്തുന്നത്. നിർണ്ണായകമായ ഒരു ചുവടുവെപ്പ് അതിൽ നമുക്ക് നടത്താനായിരിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജകമണ്ഡലമായി ധർമ്മടം ഉയർന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. 2016 മുതൽ സർക്കാരിനെ നയിക്കുന്ന ആൾ എന്ന നിലയിൽ അഭിമാനകരമായ മുഹൂർത്തമായിരുന്നു ആ പ്രഖ്യാപനം.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായി ആരംഭിച്ച പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ 1ന് പൂർത്തിയായി. ആകെ കണ്ടെത്തിയതിൽ 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ആദ്യഘട്ടത്തിൽ മുക്തരാക്കി. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ആദ്യ വർഷം ഊന്നൽ കൊടുത്തത്. അവകാശം അതിവേഗം യജ്ഞത്തിന്റെ ഭാഗമായി 21,263 അവകാശരേഖകളും അടിയന്തിര സേവനങ്ങളും നൽകുന്നതിനുള്ള നടപടികളും പൂർത്തിയാക്കി.
ഭക്ഷണം, ആരോഗ്യം എന്നിവ നേടാൻ പ്രാപ്തിയില്ലാത്ത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനം വഴി തടസ്സമില്ലാതെ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. അവശേഷിക്കുന്ന കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുവാനുള്ള സജീവ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിൽ പൂരോഗമിക്കുകയാണ്. 2025 ഏപ്രിൽ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളിൽ 50,401 കുടുംബങ്ങളെ (78.74%) ഇതുവരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇനി അതി ദാരിദ്ര്യമുക്തരാക്കാനുള്ള കുടുംബങ്ങളിൽ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്.
വരുമാനം നേടാൻ പ്രയാസമുള്ള 5350 കുടുംബങ്ങളിൽ ജീവനോപാധി ആരംഭിയ്ക്കുവാൻശേഷിയുള്ള 4359 കുടുംബങ്ങൾക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള ഉജ്ജീവനം പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടും മറ്റ് വകുപ്പുകൾ മുഖേനയും വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സഹായം നൽകി. 13 കുടുംബങ്ങൾക്ക് കൂടി വരുമാന മാർഗ്ഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു.
വീട് മാത്രം ആവശ്യമുള്ള 3143 കുടുംബങ്ങൾക്ക് ഇതുവരെ വീട് നിർമ്മാണത്തിനുള്ള ആനുകൂല്യം നൽകി. അവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. വസ്തുവും വീടും ആവശ്യമുള്ള 699 കുടുംബങ്ങളുടെയും വീട് നിർമ്മാണം പൂർത്തിയായി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള കുടുബങ്ങൾക്ക് വർദ്ധിപ്പിച്ച ആനുകൂല്യം നൽകുകയും 4049 വീടുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കുകയും ചെയ്തു. വീട് മാത്രമോ വസ്തുവും വീടുമോ ലഭിയ്ക്കുവാൻ അർഹതയുള്ള കുടുംബങ്ങളിൽ വാടക വീടുകളിൽ താമസിയ്ക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച 606 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തുന്നതിനായി മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും നടന്നു വരുന്നു. തദ്ദേശ സ്ഥാപന പരിധിയിൽ ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ ഭൂമിയും, മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭൂമിയും വീടും ആവശ്യമുള്ളവർക്ക് അനുവദിച്ച് നൽകുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വലിയ പാർസലുകളായി കിടക്കുന്ന ഭൂമികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കണ്ടെത്തി
അതിദരിദ്രർക്ക് നൽകുക, വ്യക്തിഗത ഗുണഭോക്താക്കൾ നേരിട്ട് ഭൂമി വാങ്ങുക എന്നീ സാധ്യതകളും പരിശോധിച്ച് വരുന്നു. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവർത്തനം വഴി മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിൻ മുഖേന ഇത് വരെ 8.89 ഏക്കർ ഭൂമിയും റവന്യു വകുപ്പ് മുഖേന 5.5 ഏക്കർ റവന്യു ഭൂമിയും കണ്ടെത്തി.
2025 നവംബർ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് പൂർണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയിൽ നമ്മൾ താണ്ടുന്ന സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായിയിരിക്കും അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.