വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം,ദുരന്തത്തിൽപെട്ടവരെ കൈപിടിച്ചുയർത്തണം: മുഖ്യമന്ത്രി
CHIEF MINISTERS MEETING
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.
സംസ്ഥാനതലത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, എ ഡി ജി പി ഇന്റലിജൻസ് മനോജ് എബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ പുകഴേന്തി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. എസ് കാർത്തികേയൻ, സിവിൽ സപ്ലൈസ് എം.ഡി സജിത്ത് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ജി.എസ്.ടി കമ്മീഷണർ അജിത്ത് പാട്ടീൽ, വാട്ടർ അതോറിറ്റി എം ഡി ബിനു ഫ്രാൻസിസ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു.
അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി അവരെ സഹായിക്കാൻ പങ്കാളികളാകണം.
സി. എം.ഡി.ആർ.ഫിലേക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ 2 കോടി രൂപ വാഗ്ദാനം നൽകി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
വയനാട്ടിൽ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.