60 ച. മീ. വരെയുള്ള വീടുകൾക്ക് ബാധകം; യുഎ നമ്പരാണെങ്കിലും വസ്തുനികുതി അടയ്ക്കണ്ട
നിയമലംഘനങ്ങളുള്ള കെട്ടിടകൾക്ക് താൽക്കാലികമായി നൽകുന്നതാണ് യുഎ നമ്പർ.
 
                                    തിരുവനന്തപുരം : സംസ്ഥാനത്ത് 60 ചതുരശ്ര മീറ്ററിൽ (645 ച. അടി) താഴെ വിസ്തീർണമുള്ള വീടുകൾക്ക് യുഎ നമ്പരാണെങ്കിലും വസ്തുനികുതി അടയ്ക്കേണ്ട. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിയമലംഘനങ്ങളുള്ള കെട്ടിടകൾക്ക് താൽക്കാലികമായി നൽകുന്നതാണ് യുഎ നമ്പർ. യുഎ നമ്പരുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്ന് ഇരട്ടി നികുതിയാണ് ചുമത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ തദ്ദേശ അദാലത്തിൽ ലഭിച്ചിരുന്നു.
60 ച. മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽനിന്ന് കഴിഞ്ഞ വർഷം സർക്കാർ ഒഴിവാക്കിയിരുന്നു. പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഈ ഇളവ് യുഎ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാക്കാനാണ് ഉത്തരവിൽ നിർദേശം നൽകിയത്. യുഎ നമ്പരുള്ള ലൈഫ് ഭവന പദ്ധതിയിലുള്ള വീടുകൾക്ക് ഗഡുക്കൾ തടസ്സപ്പെടുത്തരുതെന്നും തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            