ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം കോളേജുകളിൽ പരിശോധനയ്ക്കൊരുങ്ങി നഴ്‌സിങ് കൗൺസിൽ
നഴ്‌സിങ് കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനുമുന്നോടിയായുള്ള പരിശോധനയുടെ ക്രമീകരണം അറിയിക്കാൻ സംസ്ഥാന നഴ്‌സിങ് കൗൺസിലിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു
തിരുവനന്തപുരം : നഴ്‌സിങ് കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനുമുന്നോടിയായുള്ള പരിശോധനയുടെ ക്രമീകരണം അറിയിക്കാൻ സംസ്ഥാന നഴ്‌സിങ് കൗൺസിലിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. അടിയന്തര കൗൺസിൽചേർന്ന് തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ നഴ്‌സിങ് കോളേജുകളിൽ നിർത്തിവെച്ചിരുന്ന പരിശോധന പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് നഴ്‌സിങ് കൗൺസിൽ. അടുത്തമാസം ചേരുന്ന യോഗത്തിൽ ഇതിൽ തീരുമാനമുണ്ടായേക്കും.ഇക്കൊല്ലം പരിശോധനയില്ലെന്നും ഉപാധികളോടെ അഫിലിയേഷൻ നൽകുമെന്നുമായിരുന്നു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചിരുന്നത്. ഇതിനുവിരുദ്ധമായാണ് ഇപ്പോൾ ആരോഗ്യവകുപ്പ്, കൗൺസിലിനോട് പരിശോധനാ ക്രമീകരണം അറിയിക്കാൻ ആവശ്യപ്പെട്ടതെന്ന് മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.കൗൺസിൽ അംഗങ്ങൾ കോളേജുകളിൽ നേരിട്ട് പരിശോധന നടത്തേണ്ടെന്നായിരുന്നു നേരത്തേ മന്ത്രി സ്വീകരിച്ചിരുന്ന നിലപാട്. ഇതേത്തുടർന്ന് പരിശോധന കൗൺസിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു.നേരത്തേ നഴ്‌സിങ് കോളേജുകളിലെ അധ്യാപകരായിരുന്നു പരിശോധന നടത്തിയിരുന്നത്. പോരായ്മകൾ റിപ്പോർട്ടുചെയ്യാതെ പരസ്പരം പല വിട്ടുവീഴ്ചകളും ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നതോടെയാണ് കൗൺസിൽ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്