ഇന്ന് അയ്യന്‍കാളി ജയന്തി
അയ്യന്‍കാളി ജയന്തി
മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനമാണ് ഇന്ന്. (1863-1941). വിദേശരാജ്യങ്ങളടക്കം ഭാരതത്തിന്റെ തലസ്ഥാന നഗരി മുതല്‍ കേരളക്കരയില്‍ വ്യാപകമായും ഈ സുദിനം ആഘോഷിക്കപ്പെടുന്നു. മതമോ, ജാതിയോ, സംഘടനകളൊ, പാര്‍ട്ടികളെന്നോ നോക്കാതെ സകലയാളുകളും കൊണ്ടാടുന്ന ഒരു ദിനമായി മാറിയിരിക്കുന്നു അയ്യന്‍കാളി ജയന്തി. വാര്‍ത്താമാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും, ദൃശ്യ മാധ്യമങ്ങളിലും സമീപകാലത്ത് വലിയ വിധം ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക് ആ പുണ്യപുരുഷന്‍ നിറഞ്ഞു നില്‍ക്കുന്നു.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ചരിത്രം ഇനിയും പുറത്തു വന്നിട്ടില്ലായെന്ന് ‘ഗുരുദേവ ചരിത്രം അറിയപ്പെടാത്ത ഏടുകള്‍’ എന്ന ഗ്രന്ഥത്തില്‍ ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തന്നെയാണ് ഇംഗ്ലീഷ്, തമിഴ് ഭാഷകളിലടക്കം നൂറിലധികം പു
സ്തകങ്ങളില്‍കൂടി പുറത്തുവന്നിട്ടുള്ള അയ്യന്‍കാളി ചരിത്രങ്ങളിലും കാണുന്നത്. അയ്യന്‍കാളിയോടൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും അതിനു കഴിഞ്ഞില്ല. മറ്റ് മുഖ്യധാരാ ചരിത്രകാരന്മാര്‍ അതിന് തയ്യാറായതുമില്ല. ഇന്നും അവര്‍ക്കതിന് കഴിഞ്ഞിട്ടില്ല.
അയ്യന്‍കാളിയുടെ പൊതുഇടത്തേക്കുള്ള ഇടപെടല്‍ ഉണ്ടാകുന്നത് 1893-ലെ വില്ലുവണ്ടിയാത്രയോടെയാണ്. സമരരംഗത്ത് സജീവമായി നിലകൊണ്ട അയ്യന്‍കാളി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുറേനാള്‍ ആത്മീയരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. അയ്യന്‍കാളി ദൈവവിശ്വാസി ആയിരുന്നില്ലെന്നും ക്ഷേത്രങ്ങള്‍ക്കും, ക്ഷേത്രാചാരങ്ങള്‍ക്കും എതിരെയായിരുന്നുവെന്നും ചില ദളിത് ചരിത്രകാരന്മാരും സംഘടനാ നേതാക്കളും ഒരു സന്ദേശം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. അയ്യന്‍കാളിയുടെ ഇളയ മകന്‍ അന്തരിച്ച ശിവതാണു (റിട്ട. ഡിടിഒ) സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് വെങ്ങാനൂര്‍ മുടിപുര നടയ്‌ക്ക് സമീപം പെരുങ്കാറ്റുവിളയില്‍ എന്റെ അപ്പൂപ്പനും (അയ്യന്‍കാളിയുടെ പിതാവ് അയ്യന്‍) അമ്മൂമ്മയും (അയ്യന്‍കാളിയുടെ മാതാവ് – മാല) മുടിപ്പുര ദേവീക്ഷേത്രത്തില്‍ നിത്യവും രാവിലെ കുളിച്ചുതൊഴുത് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. അങ്ങനെ മുടിപ്പുര ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച പുത്രനാണ് ഞങ്ങളുടെ പിതാവ് അയ്യന്‍കാളിയെന്നാണ്.
സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കര്‍മ്മപരിപാടികള്‍ നടന്നുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് സദാനന്ദസ്വാമികള്‍ എന്നൊരു ശ്രേഷ്ഠ ഗുരു വടക്കേ മലബാറില്‍നിന്ന് തിരുവിതാംകൂറില്‍ പ്രവേശിക്കുന്നത്. ആ സ്വാമികള്‍ രൂപീകരിച്ച ബ്രഹ്മനിഷ്ഠത്തിന്റെ നേതൃത്വത്തില്‍ ഹൈന്ദവ മതത്തിനുള്ളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, വൈക്കം, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ആത്മീയ പ്രസംഗ പരമ്പരകള്‍ സംഘടിപ്പിക്കുകയും ഒട്ടേറെ ആളുകള്‍ അത് ശ്രവിക്കാനെത്തുകയും പതിവായിരുന്നു.
അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ക്ക് ഒരു വിമോചന അജണ്ട മാത്രമാണ് മുന്നോട്ട് വയ്‌ക്കാനുള്ളൂ. അത് വിദ്യാഭ്യാസം മാത്രമാണ്. അയ്യന്‍കാളി തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം. ഈ ജന്മദിനത്തില്‍ അതായിരിക്കട്ടെ പുതിയ സന്ദേശം. എന്റെ സമൂഹത്തില്‍ നിന്നും 10 ബിഎക്കാരല്ല 10 ലക്ഷം ബിഎക്കാര്‍ ഉണ്ടാകട്ടെ എന്നതായിരിക്കണം ആ സന്ദേശം.