ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ ശില്പശാല കോട്ടയത്ത്

തിരുവനന്തപുരം : 2025 സെപ്തംബർ 17
ദേശീയ ആയുഷ് മിഷന്റെ വരാനിരിക്കുന്ന വകുപ്പുതല ഉച്ചകോടിയുടെയും “വ്യത്യസ്ത മേഖലകളിൽ ഐടിയിലൂടെ നേടിയ ഡിജിറ്റൽ സേവനങ്ങൾ” എന്ന ഉപ വിഷയത്തിന്റെയും പശ്ചാത്തലത്തിൽ, ദേശീയ ആയുഷ് മിഷൻ കേരളയുടെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 18, 19 തീയതികളിൽ കോട്ടയം ജില്ലയിലെ കുമരകത്തുള്ള കെടിഡിസി വാട്ടർസ്‌കേപ്‌സിൽ ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു.
ആയുഷ് മേഖലയിലെ ഡിജിറ്റൽ പരിഹാരങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആയുഷിനായി സമഗ്രവും കേന്ദ്രീകൃതവും പരസ്പര പ്രവർത്തനക്ഷമവുമായ ഒരു ഡിജിറ്റൽ ചട്ടക്കൂടിലേക്ക് നീങ്ങുന്നതിനുമുള്ള ഒരു സഹകരണ വേദിയായാണ് ശില്പശാല വിഭാവനം ചെയ്തിരിക്കുന്നത്. തനിപ്പകർപ്പ് ഒഴിവാക്കുക, സ്റ്റാൻഡേർഡൈസേഷൻ ഉറപ്പാക്കുക, സ്കേലബിളിറ്റി പ്രോത്സാഹിപ്പിക്കുക, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം വർദ്ധിപ്പിക്കുക, പൗരകേന്ദ്രീകൃത സേവന വിതരണം ശക്തിപ്പെടുത്തുക എന്നിവയാണ് ചട്ടക്കൂടിന്റെ ലക്ഷ്യം.
ആയുഷ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ, ഐടി ഡിവിഷനുകളിൽ നിന്നുള്ള സാങ്കേതിക ഉദ്യോഗസ്ഥർ, ഡിജിറ്റൽ ആരോഗ്യം, ഇ-ഗവേണൻസ് എന്നിവയിലെ വിദഗ്ധർ തുടങ്ങിയവർ രണ്ട് ദിവസത്തെ ശില്പശാലയുടെ ഭാഗമാകും.