വ്യോമസേനയില്‍ അഗ്‌നിവീര്‍ നോണ്‍ കോമ്പാറ്റന്‍ഡ് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു
അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
ന്യൂഡൽഹി : ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അഗ്‌നിവീര്‍ വായു നോണ്‍ കോമ്പാറ്റന്‍ഡ് (01/2025) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി സ്ട്രീമിലും ഹൗസ്‌കീപ്പിങ് സ്ട്രീമിലുമായിരിക്കും നിയമനം.
- വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യം.
- പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ).
- ശമ്പളം: നാല് വര്‍ഷത്തെ സര്‍വീസില്‍ ആദ്യവര്‍ഷം 30000 രൂപ, രണ്ടാംവര്‍ഷം 33000 രൂപ, മൂന്നാംവര്‍ഷം 36000 രൂപ, അവസാനവര്‍ഷം 40000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ശമ്പളം. ഇതില്‍ ആദ്യ വര്‍ഷം 9000 രൂപയും രണ്ടാംവര്‍ഷം 9900 രൂപയും മൂന്നാംവര്‍ഷം 10950 രൂപയും അവസാനവര്‍ഷം 12000 രൂപയും കോര്‍പ്പസ് ഫണ്ടിലേക്ക് മാറ്റും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയും സര്‍ക്കാര്‍ അനുവദിക്കുന്ന തുല്യമായ തുകയും ചേര്‍ത്തുള്ള 10.04 ലക്ഷം രൂപ സേവാനിധിയില്‍ സമ്പാദ്യമായി ഉണ്ടാകും.
- പരീക്ഷ: എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്‌ക്കെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ്, ഗസറ്റഡ് ഓഫീസറോ പഞ്ചായത്ത് ഓഫീസറോ സ്‌കൂള്‍/കോളേജ് പ്രിന്‍സിപ്പലോ(അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രം) സാക്ഷ്യപ്പെടുത്തിയ സ്വഭാവസര്‍ട്ടിഫിക്കറ്റ്, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ഷീറ്റ് എന്നിവ കരുതണം. അപേക്ഷ അയച്ച വായുസേനാ സ്റ്റേഷന്‍ സ്ഥലത്ത് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. സി.ബി.എസ്.ഇ പത്താംക്ലാസ് അടിസ്ഥാനമാക്കിയുള്ള ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍. ഓരോ വിഷയത്തിനും 10 വീതം ആകെ 20 മാര്‍ക്കാണുണ്ടാവുക. പരീക്ഷ വിജയിക്കാന്‍ കുറഞ്ഞത് 10 മാര്‍ക്കെങ്കിലും നേടണം. എഴുത്തുപരീക്ഷയ്ക്ക് ശേഷം കായികക്ഷമതാ പരീക്ഷയും മെഡിക്കല്‍ പരിശോധനയുമുണ്ടായിരിക്കും.
- നിയമനം: ഓരോ അഗ്‌നിവീര്‍ ബാച്ചില്‍നിന്നും 25 ശതമാനം പേര്‍ക്ക് വായുസേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ അവസരമുണ്ടായിരിക്കും. സേവനകാലത്ത് ആരോഗ്യപരിരക്ഷ, 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
- അപേക്ഷ: സാധാരണ തപാലില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള 78 വായുസേനാ സ്റ്റേഷനുകളില്‍ ഏതെങ്കിലുമൊന്നിന്റെ വിലാസത്തിലേക്ക് അയക്കാം. വിലാസം വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ തിരുവനന്തപുരം ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കും ആക്കുളം സതേണ്‍ എയര്‍ കമാന്‍ഡിന്റെ ആസ്ഥാനത്തേക്കും അപേക്ഷ അയക്കാം. ഒരാള്‍ ഒരു അപേക്ഷ മാത്രമേ അയക്കാവൂ. പത്താംക്ലാസ്/മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ(നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍), അനുമതിപത്രം(18വയസ്സില്‍ താഴെയുള്ളവര്‍ക്ക് രക്ഷിതാവിന്റെതായിരിക്കണം) എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 2.