കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി
കെഎസ്ആർടിസിക്ക് 91.53 കോടി രൂപ
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സര്ക്കാര് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് ഇതിൽ 71.53 കോടി രൂപ നൽകിയത്. ശേഷിക്കുന്ന 20 കോടി രൂപ കെഎസ്ആർടിസിക്കുള്ള സഹായമായും നൽകി.
ഓഗസ്റ്റ് ആദ്യം സർക്കാർ 30 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. രണ്ടാം പിണറായി സര്ക്കാര് ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയതെന്നും ധനമന്ത്രി അറിയിച്ചു