എയർ മാർഷൽ എസ് ശിവകുമാർ വ്യോമസേനാ അഡ്മിനിസ്ട്രേഷൻ മേധാവിയായി ചുമതലയേറ്റു

എയർ മാർഷൽ എസ് ശിവകുമാർ ന്യൂഡൽഹി വ്യോമസേനാ ആസ്ഥാനത്ത് എയർ ഓഫീസർ-ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ (AOA) ആയി ഇന്ന് (01 ജൂലൈ) ചുമതലയേറ്റു. പാലക്കാട് സ്വദേശിയാണ്.
എയർ മാർഷൽ 1990 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ അഡ്മിനിസ്ട്രേഷൻ ബ്രാഞ്ചിൽ കമ്മീഷൻ ചെയ്യപ്പെട്ടു. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് എച്ച്ആർഎമ്മിൽ എംബിഎയും ഉസ്മാനിയ സർവകലാശാലയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്സിൽ എം.ഫിൽ ബിരുദവും നേടിയിട്ടുണ്ട്.
35 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള എയർ മാർഷൽ, നിരവധി സുപ്രധാന കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ വഹിച്ചിട്ടുണ്ട്. ഫോർവേഡ് ബേസിലെ സീനിയർ എയർ ട്രാഫിക് കൺട്രോൾ ഓഫീസർ, കോംഗോയിലെ യു.എൻ മിഷനിൽ വ്യോമസേനാ പ്രതിനിധി, എയർഫോഴ്‌സ് എക്‌സാമിനർ, പ്രധാനപ്പെട്ട ഒരു ഫ്ലൈയിംഗ് സ്റ്റേഷന്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, രണ്ട് ഓപ്പറേഷണൽ കമാൻഡുകളിൽ കമാൻഡ് വർക്ക്സ് ഓഫീസർ, കമാൻഡ് പേഴ്‌സണൽ സ്റ്റാഫ് ഓഫീസർ, എക്യുപ്‌മെന്റ് ഡിപ്പോയുടെ എയർ ഓഫീസർ കമാൻഡിംഗ്, എയർ ഹെഡ്ക്വാർട്ടേഴ്‌സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എയർഫോഴ്‌സ് വർക്ക്സ്), ഓപ്പറേഷണൽ കമാൻഡിന്റെ സീനിയർ ഓഫീസർ-ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇപ്പോഴത്തെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ്, എയർ മാർഷൽ വ്യോമസേനാ ആസ്ഥാനത്ത് ഡയറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) ആയിരുന്നു. മികച്ച സേവനത്തിന് വിശിഷ്ട് സേവാ മെഡൽ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.