എയിംസ് പോർട്ടൽ ലോഗിൻ ചെയ്യാൻ ഇനി മൊബൈൽ ഒ.ടി.പി. നിർബന്ധം
AIMS PORTAL OPEN OTP MUST
തിരുവനന്തപുരം :കൃഷി വകുപ്പിന്റെ വിവിധ പദ്ധതി നടത്തിപ്പുകൾക്കായും, ധനസഹായ വിതരണത്തിനായും നിലവിൽ വന്ന കർഷക റെജിസ്‌ട്രേഷൻ പോർട്ടലായ എയിംസ് പോർട്ടലിൽ ലോഗിൻ നടപടികളിൽ ഡിജിറ്റൽ സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം ടു ഫാക്ടർ ഓതെന്റിക്കേഷൻ നിലവിൽ വന്നു. ഇനിമുതൽ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവയ്ക്ക് പുറമേ കർഷകരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ പോർട്ടൽ ലോഗിൻ സാധ്യമാകൂ. പോർട്ടലിൽ ലഭ്യമായ കർഷകരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടർ ഓതെന്റിക്കേഷൻ നടപടികൾചെയ്തിട്ടുള്ളത്.
കർഷകരുടെ പേര്, വിലാസം, കൃഷി, കൃഷിഭൂമിയുടെ വിവരങ്ങൾ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയ്ക്ക് പുറമേ ആനുകൂല്യം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അപേക്ഷയുടെ ഭാഗമായി കർഷകർ പോർട്ടലിലേക്ക് നൽകുന്നുണ്ട്. വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോഗിൻ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എയിംസ് പോർട്ടലിൽ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുമ്പോൾ കർഷകർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും. ഒ.ടി.പി. ലഭിക്കാത്ത കർഷകർക്ക് ഒരു മിനിറ്റിനു ശേഷം വീണ്ടും പോർട്ടലിൽ നിന്നും ഒ ടി പി ജനറേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്‌വർക്ക് ബുദ്ധിമുട്ടുകൾ കാരണം എസ് എം എസ് ലഭിക്കാത്ത സ്ഥലങ്ങളിൽ ഒ.ടി.പി. ലഭിക്കുന്നതിന് സന്ദേശ് (SANDES) മൊബൈൽ ആപ്ലിക്കേഷൻ കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സന്ദേശ് മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. കേരള പോലീസിൻ്‌റെ സൈബർ ഓപ്പറേഷൻ വിംഗിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2303990, 2309122, 2968122 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുക.