നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത
നടിയെ ആക്രമിച്ച കേസ്: 'തെറ്റായ പ്രചാരണം നടക്കുന്നു'

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത. ഇത് സംബന്ധിച്ച് വിചാരണ കോടതിയിൽ ഹർജി നൽകി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് അതിജീവിത കോടതിയെ സമീപിച്ചത്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയട്ടെയെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളില്ലെന്നുമാണ് നടിയുടെ നിലപാട്. സുപ്രീം കോടതി മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.
നരത്തെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയ്ക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത കത്തിൽ പറയുന്നു.മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ അതിജിവിത കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുമുണ്ട്. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ പരാമശത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തന്റെ യൂട്യൂബ് ചാനലിലും ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ വാദം.