അഭിമന്യു വധം: പ്രാരംഭവാദം ഇന്ന് തുടങ്ങും
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധം: പ്രാരംഭവാദം ഇന്ന്

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലെ പ്രാരംഭവാദം ഇന്ന് തുടങ്ങും.
അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നാല് കേസുകളും ഒന്നായി പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചിരുന്നു. 2018ൽ രജിസ്റ്റർ ചെയ്‌ത ഒറ്റ കേസായാണ് പരിഗണിക്കുക. നാല് കേസുകളിലായി 16 പ്രതികളാണുള്ളത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. പ്രതിഭാഗത്തിന്റെ അഭ്യർഥനപ്രകാരം വിചാരണ പലതവണ മാറ്റിവച്ചിരുന്നു.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ജൂലൈ രണ്ടിന് ആറുവർഷം പിന്നിട്ടു. 2018 സെപ്തംബർ 26നാണ് കുറ്റപത്രം സമർപ്പിച്ചത്. എല്ലാ പ്രതികളും അറസ്റ്റിലായി. വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ പുനർസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.