ദേശീയ പാത ആറ് വരിയാക്കല്‍: 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍:കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 66 ആറ് വരിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അഴീക്കോട് മണ്ഡലത്തിലെ പൂതപ്പാറ മൈലാടത്തടം കീരിയാട് കാട്ടാമ്പള്ളി റോഡ് ( കളരിവാതുക്കല്‍ റോഡ്)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍ എച്ച് 66 ന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 2025 ന് മുമ്പ് പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനത്തിന്റെയും ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിന്റെയും ഫലമായാണ് എന്‍ എച്ച് 66 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു
കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. റോഡ് വികസനത്തിന് സ്ഥലം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. ചിറക്കല്‍ കോവിലകം വലിയ രാജ ശ്രീരാമവര്‍മ്മ രാജ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വടിസരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, വളപട്ടണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ സി ജംഷീറ, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രാംകിഷോര്‍, കെ പി താഹിറ, വി കെ ലളിതാദേവി , പി വി രാധിക, കെ വേണു, ടി പി നാരായണന്‍, പി വി രഘുനാഥ്, സുരേഷ് വർമ്മ ചിറക്കൽ കോവിലകം, കെ വി ഷക്കീല്‍, പി ചന്ദ്രന്‍, പി പി അഫ്‌സല്‍, ടി പി ഷഹീദ്, രാഹുല്‍ രാജീവ്, സലാം ഹാജി, എന്‍ വി രജിത എന്നിവര്‍ സംസാരിച്ചു.
അഴീക്കോട് നിയോജകമണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന സുപ്രധാന പാതയാണ് കളരിവാതുക്കല്‍ റോഡ്. 3.925 കിലോമീറ്റര്‍ നീളവും 5.50 മീറ്റര്‍ ശരാശരി വീതിയുമുളള ഈ റോഡിലുള്‍പ്പെടുന്നതും, പഴയ ദേശീയപാതയുടെ ഭാഗവുമായ വളപട്ടണം മന്നയെയും എന്‍ എച്ച് 66 ല്‍ വരുന്ന വളപട്ടണം ടോള്‍ബൂത്തിനെയും ബന്ധിപ്പിക്കുന്നതുമായ 500 മീറ്റര്‍ നീളം വരുന്ന ഭാഗമാണ് ഈ പ്രവൃത്തിയിലുള്‍പ്പെടുത്തി നവീകരിച്ചത്. 86.40 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.
പഴയങ്ങാടി തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പുതിയതെരു ദേശീയപാതയിലെ ഗതാഗതകുരുക്കില്‍ അകപ്പെടാതെ കണ്ണൂര്‍ നഗരത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സഹായിക്കുന്ന ബൈപാസ് റോഡ് എന്ന നിലയില്‍ ദേശീയപാതയിലെ വാഹന സാന്ദ്രത ഒരളവോളം കുറയ്ക്കുന്നതിന് ഈ റോഡ് സുപ്രധാന പങ്ക് വഹിക്കും.
ഉത്തരമലബാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കളരിവാതുക്കല്‍ ഭഗവതിക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേശനമാര്‍ഗമായ ഈ റോഡ് താരതമ്യേനെ ഇടുങ്ങിയതും കാലോചിതമായി നവീകരിക്കപ്പെടാത്തതിനാല്‍ സുഗമമായ വാഹനഗതാഗതം സാധ്യമല്ലാത്ത നിലയിലുമായിരുന്നു. പ്രദേശവാസികളുടെയും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ കെ വി സുമേഷ് എം എൽ എ മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെ തുടർന്നാണ് റോഡ് വീതി കൂട്ടി ടാറിങ് നടത്താൻ തുക അനുവദിച്ചത്.ഈ റോഡ് 7 മീറ്ററോളം വീതിയുള്ള മികച്ച നിലവാരത്തിലുള്ള ഒരു സുപ്രധാന പാതയാക്കി മാറ്റുവാന്‍ ഈ പ്രവൃത്തിയിലൂടെ സാധിച്ചു.