മുല്ലപ്പെരിയാറില്‍ അടക്കം 9 പുതിയ ഡാമുകള്‍ നിർമിക്കും; ഡിപിആർ തയാറാക്കിയെന്ന് മന്ത്രി റോഷി

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒൻപതു പുതിയ ഡാമുകള്‍ നിര്‍മിക്കാൻ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. പ്രളയ നിയന്ത്രണത്തിനായി പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ- അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതില്‍ മൂന്നു ഡാമുകളുടെ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍, പഠനം പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.
129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനു ഡിപിആര്‍ തയാറാക്കിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി ശ്രമം തുടരുന്നു. ‘തമിഴ്‌നാടിന് ജലവും കേരളത്തിനു സുരക്ഷയും’ എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.