കേന്ദ്രമന്ത്രിസഭാ യോഗതീരുമാനം: പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും 3 കോടി വീടുകൾ നിർമിക്കാൻ ഗവണ്മെന്റ് സഹായം നൽകും
INDIA

അർഹരായ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിനായി 2015-16 മുതലാണ് ഇന്ത്യാ ഗവൺമെന്റ്, പ്രധാൻമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്. പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനിടെ ഭവനപദ്ധതികൾക്കു കീഴിൽ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്കായി മൊത്തം 4.21 കോടി വീടുകൾ പൂർത്തീകരിച്ചു.
പിഎംഎവൈ പ്രകാരം നിർമിക്കുന്ന എല്ലാ വീടുകളിലും ഗാർഹിക ശൗചാലയങ്ങൾ, എൽപിജി കണക്ഷൻ, വൈദ്യുതി കണക്ഷൻ, വീട്ടിൽ പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷൻ തുടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നു.
അർഹരായ കുടുംബങ്ങളുടെ എണ്ണത്തിലെ വർധന കാരണമുണ്ടാകുന്ന പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അധികമായി മൂന്നുകോടി ഗ്രാമീണ-നഗര കുടുംബങ്ങൾക്കു വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിന് ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനമായി.