ആദ്യമായി പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്നെഴുതിയ അനീഷയ്ക്ക് മികച്ച വിജയം, സർക്കാരിന് നന്ദി പറഞ്ഞ് അനീഷ
ചരിത്രത്തിലാദ്യമായി പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്നെഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ അനീഷ അഷറഫിന് മികച്ച വിജയം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐടി എന്നീ വിഷയങ്ങളിൽ എ പ്ലസും മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ എ ഗ്രേഡും ഹിന്ദി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബി പ്ലസുമാണ് അനീഷ നേടിയത്. കേരള സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും കൂടെ നിന്നില്ലായിരുന്നെങ്കിൽ ഏഴാം ക്ലാസ് തുല്യത പരീക്ഷ വച്ച് തനിക്ക് പഠനം നിർത്തേണ്ടി വരുമായിരുന്നെന്ന് അനീഷ പറഞ്ഞു. ദിനം പ്രതി ശാരീരിക ബുദ്ധിമുട്ടുകൾ ഏറി വരുന്നതിനാൽ എത്ര നാൾ മുന്നോട്ട് പോകും എന്നറിയില്ലെന്നും നമുക്ക് പ്രവർത്തിക്കാൻ കഴിവുള്ളപ്പോൾ ആണ് അവസരങ്ങൾ തരേണ്ടതെന്നും അത് മനസ്സിലാക്കി തന്നെ ചേർത്ത് പിടിച്ച സർക്കാരിനോടും മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും സാമൂഹിക നീതി വകുപ്പ്, സാക്ഷരതാ മിഷൻ, പരീക്ഷ ഭവൻ, അധ്യാപകർ, പ്രേരക്മാർ തുടങ്ങി ചേർത്ത് പിടിച്ചവരോടെല്ലാം താൻ കടപ്പെട്ടിരിക്കുന്നുവെന്നും അനീഷ പറഞ്ഞു. മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗമാണ് അനീഷയ്ക്ക്. അതിനാൽ തന്നെ നടക്കുന്നതിനോ അധിക നേരം ഇരിക്കാനോ കഴിയില്ല. അൽപനേരം പേന പിടിച്ചാൽത്തന്നെ കൈ വേദനിച്ചു തുടങ്ങും. ഇത്തരമൊരു സാഹചര്യത്തിലാണ് വീട്ടിലിരുന്നു പരീക്ഷ എഴുതുന്നതിന് അനുമതി ചോദിച്ചത്. പത്താം ക്ലാസ് പരീക്ഷ ആയതിനാൽ ഇന്നുവരെ ആരെയും വീട്ടിൽ ഇരുന്ന് എഴുതുവാൻ അനുമതി നൽകിയിട്ടില്ലെന്നും അനീഷയുടെ പ്രത്യേക അവസ്ഥ പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയടക്കം ഇടപെട്ടതിനെ തുടർന്നാണ് വീട്ടിലിരുന്ന് എഴുതുവാൻ അനുവദിച്ചതെന്നും സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജെയിംസ് പറഞ്ഞു. എന്നാൽ ഒരു തരത്തിലും വിട്ടുവീഴ്ച നടത്താതെ അനീഷയുടെ മുറി പരീക്ഷ ഹാൾ ആയി ഡിക്ലയർ ചെയ്ത് പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പ് വരുത്തി ഒരാളെ പോലും പ്രവേശിപ്പിക്കാതെ ഇൻവിജിലേറ്ററുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടത്തിയതെന്നും ദീപ ജെയിംസ് പറഞ്ഞു. അനീഷയ്ക്ക് എട്ടുവയസുള്ളപ്പോഴാണ് മസ്കുലാർ ഡിസ്ട്രോഫി എന്ന ജനിതകരോഗം സ്ഥിരീകരിക്കുന്നത്. അഞ്ചാം ക്ലാസ് ആയതോടെ നടക്കാനാവാത്ത അവസ്ഥ വന്നപ്പോൾ പഠനം നിർത്തേണ്ടി വന്നു. തുടർന്ന് മുപ്പത്തിരണ്ടാം വയസ്സിലാണ് ഏഴാം തരാം തുല്യത പരീക്ഷ എഴുതുന്നത്. അന്നും സാക്ഷരതാ മിഷന്റെ അനുമതിയോടെ വീട്ടിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. എന്നാൽ പത്താം തരം തുല്യതാ പരീക്ഷ പരീക്ഷാഭവനാണ് നടത്തുന്നത് എന്നതിനാൽ വീട്ടിലിരുന്ന് എഴുതുന്നതിന് കടമ്പകൾ ഏറെ ആയിരുന്നു. ഇന്നുവരെ ആരെയും വീട്ടിൽ ഇരുന്നു പരീക്ഷയെഴുതുവാൻ അനുവദിച്ചിട്ടില്ലാത്തതിനാൽ അനീഷയ്ക്കായി പ്രത്യേക അനുമതി നൽകേണ്ടി വന്നു. അനുമതി ലഭിച്ചതോടെ മന്ത്രി വി ശിവൻകുട്ടി നേരിട്ട് അനീഷയെ വീഡിയോ കാൾ ചെയ്ത് അറിയിച്ചിരുന്നു. തളിക്കുളം സ്വദേശികളായ പണിക്കവീട്ടിൽ അഷ്‌റഫ്, ഫാത്തിമ ദമ്പതികളുടെ മകളാണ് അനീഷ. 2023ലെ സംസ്ഥാന ഭിന്നശേഷി അവാർഡ് ലഭിച്ച അനീഷയ്ക്ക് എഴുത്തിലും സാഹിത്യത്തിലുമാണ് പ്രിയം. സ്വന്തമായ രചനകൾ ഡിസൈൻ ചെയ്ത് പോസ്റ്ററുകളും ബുക്ക്മാർക്കും ഉണ്ടാക്കും. കഥാ രചനയിലും കവിതാ രചനയിലും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.


