സംസ്ഥാന കേരളോത്സവം ആലപ്പുഴയിൽ: സംഘാടക സമിതി രൂപീകരിച്ചു

Jan 5, 2026
സംസ്ഥാന കേരളോത്സവം ആലപ്പുഴയിൽ: സംഘാടക സമിതി രൂപീകരിച്ചു

പതിനേഴ് വർഷങ്ങൾക്ക് ശേഷം ആലപ്പുഴ ആതിഥ്യം വഹിക്കാൻ പോകുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി സംഘാടക സമിതി രൂപീകരിച്ചു. ആലപ്പുഴ എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന യോഗം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എ.ൽ.എ. മുഖ്യാതിഥിയായി. ജില്ലാ കോഡിനേറ്റർ ജെയിംസ് സാമുവൽ സംഘാടക സമിതി രൂപീകരണ ഘടന അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. സമിതിയുടെ അധ്യക്ഷൻ യുവജനകാര്യ വകുപ്പ് മന്ത്രിയും, രക്ഷാധികാരികൾ പ്രതിപക്ഷ നേതാവ്, കേരളോത്സവം നടക്കുന്ന ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ എന്നിവരുമാണ്. വർക്കിങ് ചെയർമാന്മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എന്നിവരും 251 എക്സിക്യൂട്ടീവ് അംഗങ്ങളും 1001 ജനറൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നതാണ് സംഘാടക സമിതി. കേരള സംസ്ഥാന യുവജന ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളീയ യുവത്വത്തിന്റെ കലാമേളയായ കേരളോത്സവത്തിൽ ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കും. ഇതിന്റെ സംസ്ഥാനതല മത്സരങ്ങൾ ജില്ലയിൽ ഫെബ്രുവരി രണ്ടാം വാരം സംഘടിപ്പിക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. മഹേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, എ.ഡി.എം. ആശ സി. എബ്രഹാം, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മനീഷ് എം പുറക്കാട്, പി.ഡി. ശ്രീദേവി ടീച്ചർ, അഡ്വ. വി.ആർ. രജിത, സുധർമ്മണി തമ്പാൻ, വി.കെ. നാഥൻ, അഡ്വ. ടി.എസ്. താഹ, ടിജിൻ ജോസഫ്, കെ. മധുസൂദനൻ, യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, നഗരസഭ കൗൺസിലർ എ.എം. നൗഫൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീജ, യുവജനക്ഷേമ ബോർഡ് മെമ്പർമാരായ ടി.ടി. ജിസ്മോൻ, സന്തോഷ് കാല, ജാഫർ മാറാക്കര, എസ്. ദീപു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ്കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.