കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് 28 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എൽ.ഡി.ക്ലർക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വയനാട് കളിയാംമ്പറ്റ കൂടോത്തുമ്മൽ ശ്രീവത്സത്തിൽ ഡി.ദിലീപിനെതിരെയാണ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് 28 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എൽ.ഡി.ക്ലർക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വയനാട് കളിയാംമ്പറ്റ കൂടോത്തുമ്മൽ ശ്രീവത്സത്തിൽ ഡി.ദിലീപിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സീനിയർ അഡ്മിനിട്രേറ്റീവ് ഓഫീസർ ആൻഡ് ചീഫ് വിജിലൻസ് ഓഫീസറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തത്.തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഈ മാസം 23ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗത്തിന് കാനറ ബാങ്ക് വഴിയുള്ള പി.എഫ്.എം.എസ് സംവിധാനത്തിലേക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ചേർത്ത് ഇയാൾ 28,18,541 രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
എന്നാൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് ഇയാൾ കൂടുതൽ തുക മാറ്റിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ.2022 മാർച്ച് മുതൽ 2023ലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കാനറ ബാങ്കിന്റെ സി.എസ്.എസ് പോർട്ടലിൽ വ്യാജ രേഖകൾ നൽകി പ്രിന്റ് പേയ്മെന്റ് അഡ്വൈസ് ജനറേറ്റ് ചെയ്ത് ബാങ്കിൽ സമർപ്പിച്ച് ഇയാൾ 27,76, 241 രൂപയാണ് വെട്ടിച്ചത് എന്നാണ് കെണ്ടത്തൽ. തുടർന്ന് 2024 ഫെബ്രുവരി 23ന് സീനിയർ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തി 42,300 രൂപയും ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. തട്ടിപ്പിൽ ഓഫീസിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.